കോവിഡിന്റെ പശ്ചാത്തലത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കു പുറത്തും ജില്ലയുടെ മറ്റു ഭാഗങ്ങളിലും യാതൊരു വിജയാഹ്ലാദ പ്രകടനങ്ങളോ ആൾക്കൂട്ടമോ അനുവദിക്കില്ലെന്ന് കലക്ടർ നവ്ജ്യോത് ഖോസ. ഇക്കാര്യത്തിൽ ജില്ലയിലെ രാഷ്ട്രീയ കക്ഷികളും സംഘടനകളും പൂർണ സഹകരണവും പിന്തുണയും നൽകണമെന്നും കലക്ടർ അഭ്യർഥിച്ചു.
വോട്ടെണ്ണൽ കേന്ദ്രങ്ങളിലേക്കു പ്രവേശിക്കുന്ന മുഴുവൻ ആളുകൾക്കും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റോ രണ്ടു ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റോ നിർബന്ധമാണ്. കൗണ്ടിങ് ഉദ്യോഗസ്ഥർക്കും കൗണ്ടിങ് ഏജന്റുമാർക്കും സ്ഥാനാർഥികൾക്കും ചീഫ് ഏജന്റുമാർക്കും ഇതു ബാധകമാണ്.
വോട്ടെണ്ണലിനു മുമ്പും ശേഷവും ഹാളുകൾ അണുനശീകരണം നടത്തും. ഹാളിന്റെ പ്രവേശന കവാടത്തിൽ തെർമൽ സ്കാനിങ് സംവിധാനം, സാനിറ്റൈസർ എന്നിവ ഉണ്ടാകും. കോവിഡ് ലക്ഷണങ്ങളായ പനി, ജലദോഷം തുടങ്ങിയവയുണ്ടെങ്കിൽ കൗണ്ടിങ് ഹാളിലേക്കു പ്രവേശിപ്പിക്കില്ല. കൗണ്ടിങ് കേന്ദ്രത്തിനുള്ളിൽ മൊബൈൽ ഫോൺ, ഐപാഡ്, ലാപ്ടോപ് തുടങ്ങി യാതൊരു ഇലക്ട്രോണിക് ഉപകരണവും പ്രവേശിപ്പിക്കാൻ അനുവദിക്കില്ല എന്ന് കളക്ടർ നവ്ജ്യോത് ഖോസ അറിയിച്ചു
വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ സജ്ജീകരണങ്ങൾ നേരിട്ടു കണ്ട് വിലയിരുത്തി. കോവിഡ് മാനദണ്ഡങ്ങൾ എല്ലാ കേന്ദ്രങ്ങളിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ നിർദ്ദേശങ്ങൾ നൽകിയിട്ടുള്ളതായും കളക്ടർ പറഞ്ഞു
