ആറ്റിങ്ങൽ: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ (കെ.എം.സി.എസ്.യു) ആറ്റിങ്ങൽ നഗരസഭ യൂണിറ്റിന്റെ നേതൃത്വത്തിൽ 2,67086 രൂപ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്തു. നഗരസഭാ മന്ദിരത്തിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് കെ.രാജന്റെ സാന്നിധ്യത്തിൽ യൂണിറ്റ് സെക്രട്ടറി വി.എസ്.വിനോദ് സമ്മതപത്രം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരിക്ക് കൈമാറി. നഗരസഭ സെക്രട്ടറി എസ്.വിശ്വനാഥൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അജയകുമാർ, സുപ്രണ്ട് ഷീബ, യൂണിറ്റ് പ്രസിഡന്റ് യു.എസ്.ശില്പ, മറ്റ് യൂണിറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ആറ്റിങ്ങൽ യൂണിറ്റിന് കീഴിലെ 38 അംഗങ്ങളുടെ 6 ദിവസത്തെ വേതനമാണ് വാക്സിൻ ചലഞ്ചിലേക്ക് നൽകിയത്. സംഘടന പ്രാദേശികമായി നടപ്പിലാക്കുന്ന സഹായങ്ങൾക്ക് പുറമെയാണ് ഇത്തരത്തിലുള്ളൊരു ധനസമാഹരണം. കഴിഞ്ഞ കൊവിഡ് പ്രളയ പ്രതിസന്ധി ഘട്ടങ്ങളിലും പ്രതിരോധ രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പടെ സമാനമായ നിലപാടുകളാണ് സംഘടന ഏറ്റെടുത്ത് വിജയിപ്പിച്ചിട്ടുള്ളത്. കൂടാതെ കെ.എം.സി.എസ്.യു ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ഇത്തരം ആഹ്വാനപരമായ പ്രവർത്തനങ്ങൾ മറ്റ് സംഘടനകൾക്കും ഏറെ മാതൃക സൃഷ്ടിക്കുന്നുണ്ടെന്ന് യൂണിറ്റ് സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി.എസ്.വിനോദ് അറിയിച്ചു.
