ആറ്റിങ്ങൽ: നഗരസഭാ പരിധിയിൽ വിവിധ വാർഡുകളിൽ നിന്ന് രെജിസ്റ്റർ ചെയ്ത 577 കിടപ്പ് രോഗികൾക്കുള്ള വാക്സിൻ വിതരണം ആരംഭിച്ചു. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ എന്നിവർ മെഡിക്കൽ സംഘത്തിന്റെ പ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി. രെജിസ്റ്റർ ചെയ്ത 577 പേരിൽ 165 പേർ നിലവിൽ പാലിയേറ്റീവ് രോഗികളാണ്. കൂടാതെ 60 വയസിന് മുകളിലും അല്ലാതെയും പരസഹായം കൂടാതെ വാക്സിനേഷൻ സെന്റെറുകളിൽ എത്താൻ സാധിക്കാത്ത മറ്റ് 422 പേരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. വലിയകുന്ന് താലൂക്കാശുപത്രി സാന്ത്വന പരിചരണം പാലിയേറ്റീവ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിദിനം 30 ൽ അധികം പേർക്ക് വീടുകളിലെത്തി വാക്സിൻ ലഭ്യമാക്കാൻ സാധിക്കുന്നു. വാക്സിൻ നൽകിയ ശേഷം അരമണിക്കൂറോളം വോളന്റിയർമാരുടെ നേതൃത്വത്തിൽ ഇവരെ നിരീക്ഷിച്ച് ആരോഗ്യ നില തൃപ്തികരമാണെന്ന് ഉറപ്പ് വരുത്തും. ഈ പട്ടികയിൽ ഭൂരിഭാഗവും ആദ്യ വാക്സിൻ സ്വീകരിക്കുന്നവരാണ്. ഇത്തരത്തിൽ വാക്സിൻ സ്വീകരിക്കുന്നവരെ കൃത്യമായി 84 ദിവസം തികയുമ്പോൾ രണ്ടാമത്തെ ഡോസ് വാക്സിൻ നൽകുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
വാർഡ് കൗൺസിലർമാർ, നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ, ഡോക്ടർ മേജർ രാകേഷ്, പാലിയേറ്റീവ് നഴ്സ്മാരായ ശ്രുതി, അശ്വതി, ആശാവർക്കർമാർ, വാർഡ് ജാഗ്രത സമിതി അംഗങ്ങൾ, വോളന്റിയർമാർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്
