തിരുവനന്തപുരം: പാറ്റൂർ ബസ് സ്റ്റാൻറിലുള്ള വെയിറ്റിംഗ് ഷെഡിലെ പോരായ്മകൾ തീർക്കാൻ നഗരസഭാ സെക്രട്ടറിയും പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനിയറും റോഡ് ഫണ്ട് ബോർഡ് മേധാവിയും സംയുക്തമായി നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ.
ഏതെങ്കിലും ഒരു വകുപ്പ് മാത്രം പരിഹരിക്കേണ്ട വിഷയമാണെങ്കിൽ അതനുസരിച്ചുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കണമെന്നും കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
4 ജി ഐ പൈപ്പുകൾ കോൺക്രീറ്റ് ചെയ്ത് ഇരുമ്പ് ഷീറ്റ് കൊണ്ട് നിർമ്മിച്ചതാണ് പാറ്റൂരിലെ വെയിറ്റിംഗ് ഷെഡ്. ഇവിടെ യാത്രക്കാർക്ക് ഇരിക്കാൻ സ്ഥലമില്ല. ഇരിക്കാൻ ഉണ്ടായിരുന്ന സീറ്റിംഗ് ആരോ എടുത്തു മാറ്റി.
പൊതുമരാമത്ത്, കേരള റോഡ് ഫണ്ട് ബോർഡ് എന്നിവിടങ്ങളിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങി.
എന്നാൽ വെയിറ്റിംഗ് ഷെഡിൻറെ കാര്യത്തിൽ തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന് പൊതുമരാമത്ത് വകുപ്പ് കമ്മീഷനെ അറിയിച്ചു. നഗരസഭക്കാണ് ഉത്തരവാദിത്വമെന്ന് റോഡ് ഫണ്ട് ബോർഡും അറിയിച്ചു. പൊതുമരാമത്ത് റോഡിന് സമീപമുള്ള നിർമ്മാണത്തിൽ തങ്ങൾക്ക് ഒരു ഉത്തരവാദിത്വമില്ലെന്ന് നഗരസഭയും കമ്മീഷനെ അറിയിച്ചു.
ഒരു വെയിറ്റിംഗ് ഷെഡിൻറെ അപാകതകൾ പരിഹരിക്കാൻ പറയുമ്പോൾ വിവിധ വകുപ്പുകൾ പരസ്പരം പഴി ചാരി ഒഴിഞ്ഞുമാറുന്നത് ശരിയല്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഉത്തരവിൻ മേൽ സ്വീകരിച്ച നടപടികൾ നഗരസഭാ സെക്രട്ടറി, പൊതുമരാമത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നിവർ സമർപ്പിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. എസ്. മണിമേഖല സമർപ്പിച്ച പരാതിയിലാണ് നടപടി.
