പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ രണ്ടുമാസത്തിനുള്ളിൽ തുറക്കാനാകുമെന്ന് മന്ത്രി ജി.ആർ.അനിൽ
നിർമാണ പുരോഗതി വിലയിരുത്താൻ എത്തിയപ്പോൾ പറഞ്ഞു. പോത്തൻകോട് പൊതുചന്തയോടു ചേർന്നുള്ള 40 സെന്റിലാണ് 36600 ചതുരശ്ര അടിയുള്ള നാലുനില മന്ദിരം. 10 കോടിയാണ് അടങ്കൽ തുക. ബൈപാസ് റോഡിൽ നിന്നു 8 മീറ്റർ വീതിയിൽ പ്രവേശന റോഡിന്റെ നിർമാണവും തുടങ്ങിയിട്ടുണ്ട്.
2018 ജൂണിലായിരുന്നു നിർമാണം തുടങ്ങിയത്. 18 മാസം കൊണ്ട് പണിതീർക്കുമെന്ന് ഉദ്ഘാടന വേളയിൽ മന്ത്രി ജി. സുധാകരന് പറഞ്ഞെങ്കിലും വിവിധ കാരണങ്ങളാൽ മൂന്നു വർഷം വരെ നീണ്ടു. പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ വിവിധ സ്ഥലങ്ങളിലായി ചിതറിക്കിടക്കുന്ന സർക്കാർ ഓഫിസുകളെ ഒരുകുടക്കീഴിലാക്കുകയാണ് മിനി സിവിൽ സ്റ്റേഷനിലൂടെ ലക്ഷ്യമിടുന്നത്
