വിഴിഞ്ഞം: അനിയന്ത്രിതമായ ഇന്ധന വിലവര്‍ധനവിനെതിരെ സംസ്ഥാനത്തെ പെട്രോൾ പമ്പുകളിൽ വേറിട്ട രീതിയിൽ എസ് എസ് എഫ് സെക്ടർ കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ പ്രക്ഷോഭങ്ങൾ സംഘടപ്പിച്ചു. ദിനംപ്രതി വർധിക്കുന്ന പെട്രോൾ ഡീസൽ വിലയും തുടങ്ങി മറ്റും കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പെട്രോൾ വാങ്ങാൻ മഷിക്കുപ്പിയുമായി ക്യൂ നിന്നുകൊണ്ട് പ്രതീകാത്മകമായ രൂപത്തിലാണ് പ്രക്ഷോഭങ്ങൾ അരങ്ങേറിയത്. സെക്ടര്‍, യൂണിറ്റ് ഘടകങ്ങളിലെ തെരഞ്ഞെടുത്ത പ്രവര്‍ത്തകര്‍ പ്രക്ഷോഭ കേന്ദ്രങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് പങ്കെടുത്തു. ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും ഇന്ധന എക്സൈസ് നികുതി കുത്തനെ വർധിപ്പിച്ചു കൊണ്ട് സാധാരണ ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ടാണ് എസ് എസ് എഫ് സംസ്ഥാനത്തെ 1000 കേന്ദ്രങ്ങളിൽ ഇത്തരമൊരു വേറിട്ട പ്രക്ഷോഭവുമായി മുന്നോട്ട് വന്നത്.
വിഴിഞ്ഞം സെക്ടറിൽ രണ്ട് കേന്ദ്രങ്ങളിലായി നടന്ന പ്രക്ഷോഭത്തിന് എസ് എസ് എഫ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി മുഹമ്മദ് കണ്ണ്, എസ് എസ് എഫ് നെയ്യാറ്റിൻകര ഡിവിഷൻ പ്രസിഡന്റ് ഖലീൽ സൈനി എന്നിവർ നേതൃത്വം നല്കി. എസ് വൈ എസ് ടൗൺഷിപ്പ് യൂണിറ്റ് പ്രസിഡന്റ് ദുജാന സഖാഫി, സെക്രട്ടറി മജീദ് മിസ്ബാഹി, എസ് എസ് എഫ് നെയ്യാറ്റിൻകര ഡിവിഷൻ ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാരിസ് മുസ്ലിയാർ, സെക്ടർ പ്രസിഡന്റ് ഹാരിസ് ഖാൻ മുസ്ലിയാർ, ജനറൽ സെക്രട്ടറി ശുഐബ് തുടങ്ങിയവർ പങ്കെടുത്തു
