ആറ്റിങ്ങൽ: നഗരസഭയുടെ നേതൃത്വത്തിൽ വാർഡുതല സംയുക്ത സെന്റിനിയൽ സർവ്വെ സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണി മുതൽ പരവൂർക്കോണം എൽ.പി സ്കൂളിൽ വച്ച് നടത്തുന്ന പരിശോധനാ ക്യാമ്പിൽ 5, 6, 7, 9, 10 വാർഡുകളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത്തരം ക്യാമ്പ് സംഘടിപ്പിക്കുന്നതിലൂടെ നഗരത്തിലെ ഓരോ പ്രദേശത്തെയും രോഗ വ്യാപനതോത് മനസിലാക്കാൻ സാധിക്കും. വ്യാപാര സ്ഥാപനങ്ങളിൽ പണിയെടുക്കുന്നവർ പൊതു ഗതാഗത സംവിധാനം ഉപയോഗിക്കുന്നവർ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ നിത്യ സന്ദർശകർ തുടങ്ങിയവർ കർശനമായും പരിശോധനക്ക് വിധേയരാവണം. ആരോഗ്യ മേഖലയിൽ നഗരസഭ നടപ്പിലാക്കുന്ന ഇത്തരം സംവിധാനങ്ങളോട് പൊതുജനങ്ങൾ പരമാവധി സഹകരിച്ച് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവണമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു
