ആറ്റിങ്ങൽ: നഗരസഭ 8-ാം വാർഡ് അവനവഞ്ചേരി സ്വദേശി കാർത്തികയിൽ അദ്വൈതാണ് ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പൊതുപരീക്ഷയിൽ എല്ലാ വിഷയത്തിനും എപ്ലസ് വാങ്ങിയത്. പരീക്ഷക്ക് കുറച്ച് ദിവസങ്ങൾക്ക് മുമ്പേ അദ്വൈതിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് ഈ വിവരം ശ്രദ്ധയിൽപ്പെട്ടിരുന്ന വാർഡ് കൗൺസിലറും ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റുമായ ആർ.എസ്. അനൂപ് ഡി.വൈ.എഫ്.ഐ യുടെ സ്നേഹ യാത്രയുടെ ഭാഗമായി കുട്ടിയെ എല്ലാ ദിവസവും പരീക്ഷയെഴുതാൻ സ്കൂളിൽ എത്തിച്ചിരുന്നു. കൊവിഡ് പ്രതിരോധ വസ്ത്രമണിഞ്ഞ് പരീക്ഷയെഴുതി ഫലം കാത്തിരുന്ന ഈ പത്താം ക്ലാസുകാരൻ മിന്നും വിജയമാണ് നേടിയെടുത്തത്. സനൽ, ഷിനി ദമ്പതികളുടെ മൂത്ത മകനായ അദ്വൈത് സി.എസ്.ഐ സ്കൂളിലെ വിദ്യാർത്ഥിയാണ്. കുടുംബത്തിലെ ഈ സന്തോഷത്തിൽ പങ്കുചേരാൻ ആർ.എസ് അനൂപ് വീട്ടിലെത്തി അദ്വൈതിനെ ആദരിച്ചു. കൂടാതെ യൂണിറ്റ് നേതാക്കളായ അർജുൻ, വിവേക്, ജിബി, മിഥുൻ എന്നിവർ ഈ കൊച്ചുമിടുക്കനോടൊപ്പം മധുരവും പങ്കുവച്ചു.
