വിഴിഞ്ഞം:ക്രൂചേഞ്ചിനായി നാളെ വിഴിഞ്ഞം തീരത്ത് അടുക്കുന്നത് 9 കപ്പലുകൾ. ഒറ്റ ദിവസം 10 ലക്ഷം രൂപയോളം വരുമാനമാണ് സർക്കാരിന് ലഭിക്കുക. എന്നാൽ ധ്വനി എന്ന ഒരു ടഗ് മാത്രമാണ് വിഴിഞ്ഞത്ത് ഇതിനായി പ്രവർത്തിക്കുന്നത്. ഇത് ഒരു വെല്ലുവിളിയായേക്കും. കർക്കിടക മാസമായതിനാൽ കടൽത്തിരയും അധികമാണെന്നതും അധികൃതരെ അലട്ടുന്നു. കടൽ ത്തിരകൾ അധികമായാൽ കപ്പലിനോടൊപ്പം ഒരേ വേഗതയിൽ ടഗ് ഓടിച്ച് ക്രൂചേഞ്ച് നടത്തുന്നതാണ് മറ്റു പോർട്ടുകളിൽ നടന്നുവരുന്നത്. എന്നാൽ വിഴിഞ്ഞത് ഇതിന് അനുമതിയാല്ലാത്തതിനാൽ സമയബന്ധിതമായി ഇത്രയും വലിയ ക്രൂചേഞ്ച് നടത്താനാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നു. നാളെത്തെക്കായി അദാനി കമ്പനിയുടെ ഒരു ടഗ് കൂടി വാടകയ്ക്ക് എടുത്തേയ്ക്കും. വിഴിഞ്ഞത്ത് പ്രവർത്തിച്ചിരുന്ന മലബാർ എന്ന ടഗ് അറ്റകുറ്റപണികൾ പൂർത്തിയായി കൊച്ചിയിൽ കിടപ്പുണ്ടെങ്കിലും തിരികെ എത്തിക്കാനുള്ള നടപടികളായിട്ടില്ല.
