ആറ്റിങ്ങൽ: നഗരത്തിലെ കർഷകരുടെ വിളകൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി നഗരസഭാ കൃഷിഭവനിലൂടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സമ്പൂർണ എലി നശീകരണം. നഗരസഭാ മന്ദിരത്തിൽ വച്ച് നടന്ന പരിപാടിയിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി കൃഷി ഓഫീസർ വി.എൽ.പ്രഭയിൽ നിന്നും ഉൽപ്പന്ന കിറ്റ് ഏറ്റുവാങ്ങി, വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഷീജ തുടങ്ങിയവർ പങ്കെടുത്തു.
കൃഷിയിടങ്ങളിലും വീട്ടുവളപ്പിലുമുള്ള കാർഷിക വിളകൾ നശിപ്പിക്കുന്നതിന് പുറമെ എലിപ്പനി പോലെയുള്ള മാരക രോഗങ്ങളും ഇവ മൂലം ഉണ്ടാകുന്നു. പൊതു വിപണിയിൽ 23000 രൂപ വിലയിൽ 100 ഗ്രാം തൂക്കമുള്ള 840 കവറുകളാണ് തികച്ചും സൗജന്യമായി പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നത്. കേരള വെയർഹൗസിംഗ് കോർപ്പറേഷൻ മുഖേന നിർമ്മിച്ചിരിക്കുന്ന ഈ ഉൽപ്പന്നം മനുഷ്യരിലും മറ്റു ജീവജാലങ്ങൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നില്ല. എങ്കിലും വീടിന്റെ പരിസരത്തും കൃഷിയിടങ്ങളിലും വിഷം സ്ഥാപിക്കുമ്പോൾ കുട്ടികളും വളർത്തുമൃഗങ്ങളും ഈ പ്രദേശങ്ങളിൽ നേരിട്ട് സമ്പർക്കം പുലർത്തുന്നില്ല എന്ന് ഉറപ്പ് വരുത്തണം. എലി നിർമ്മാർജ്ജന പ്രക്രിയക്ക് ഈ ഉൽപ്പന്നം ആവശ്യമുള്ളവർ വാർഡ് കൗൺസിലറുമായൊ കൃഷിഭവനുമായൊ ബന്ധപ്പെടാവുന്നതാണ്.
