ആറ്റിങ്ങൽ: നഗര പരിധിയിലെ വ്യാപാരസ്ഥാപനങ്ങളിൽ അനാവശ്യ തിക്കും തിരക്കും ഉണ്ടാവുന്നതായി ശ്രദ്ധയിൽപ്പെട്ടു. പല സ്ഥാപനങ്ങളിലും സന്ദർശക രജിസ്റ്ററും കൊവിഡ് പ്രതിരോധ സംവിധാനങ്ങളും ഒരുക്കുന്നതിൽ വിമുഖത കാണിക്കുന്നതായും നഗരസഭയുടെ ഹെൽത്ത് ഷാഡോ സ്ക്വാഡ് കണ്ടെത്തിയിട്ടുണ്ട്. മാവേലി സ്റ്റോർ, തുണിക്കട, ജ്യൂവലറി, ഹോം അപ്ലയൻസ് വിൽക്കുന്ന കടകൾ തുടങ്ങിയിടത്ത് പ്രതിരോധം സംവിധാനം തയ്യാറാക്കുന്നതിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. ഓണത്തിരക്ക് നീയന്ത്രിക്കുന്നതിന്റെ ഭാഗമായി അനുവദിച്ചിട്ടുള്ള സർക്കാർ ഇളവുകൾ ദുരുപയോഗം ചെയ്യുന്ന സ്ഥാപനത്തിനും വ്യക്തിക്കുമെതിരെ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കും. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ പരിശോധനാ സംഘങ്ങളെ പട്ടണത്തിൽ വിന്യസിക്കുമെന്നും ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
