ആറ്റിങ്ങൽ: നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ ഓണസമൃദ്ധി കർഷക ചന്ത സംഘടിപ്പിച്ചു. ഇതിന്റെ ഉദ്ഘാടനം ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി നിർവ്വഹിച്ചു. ആദ്യ വിൽപ്പന വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള പച്ചക്കറി കിറ്റ് ചെയർപേഴ്സന് കൈമാറിക്കൊണ്ട് നിർവ്വഹിച്ചു. കൂടാതെ ചിങ്ങം 1 കർഷകദിനാചരണത്തിന്റെ ഭാഗമായി നഗരസഭാ പരിധിയിൽ വിവിധ കാർഷിക മേഖലയിൽ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 7 കർഷകരെ ചടങ്ങിൽ ആദരിച്ചു. യുവ കർഷകൻ സംഗീത്, കർഷക തൊഴിലാളി മധു, പട്ടികജാതി കർഷകൻ സുരേന്ദ്രൻ, സംമിശ്ര കർഷകൻ റാഫി, ക്ഷീര കർഷകൻ സുഗതൻ, വനിത കർഷക രതി എന്നിവരെ ആദരിക്കുന്നതോടൊപ്പം കർഷക ഗ്രൂപ്പുകൾക്ക് പലിശ രഹിത വായ്പ ലഭ്യമാക്കുകയും സ്വന്തമായി പച്ചക്കറി വാഴ കൃഷി ചെയ്യുന്ന കുഴിമുക്ക് സഹകരണ സംഘത്തിന് വേണ്ടി പ്രസിഡന്റ് എം.മുരളിയും ബോർഡ് മെമ്പർ രാധാകൃഷ്ണ കുറുപ്പും ആദരം ഏറ്റുവാങ്ങി. കാനറാ ബാങ്ക് ആറ്റിങ്ങൽ ശാഖ, കുഴിമുക്ക് സഹകരണ സംഘം, ഇടക്കോട് സഹകരണ സംഘം എന്നീ സ്ഥാപനങ്ങളാണ് ആദരിക്കപ്പെട്ട കർഷകർക്ക് പുരസ്കാരങ്ങൾ സംഭാവന ചെയ്തത്.

നാടൻ പഴം പച്ചക്കറി ഉൽപ്പന്നങ്ങളാണ് ഓഗസ്റ്റ് 17 മുതൽ 20 വരെ സംഘടിപ്പിച്ചിരിക്കുന്ന കർഷക ചന്തയിൽ വിൽപ്പനക്ക് തയ്യാറാക്കിയിട്ടുള്ളത്. പ്രാദേശിക കർഷകരിൽ നിന്നും പൊതു വിപണിയിലെ സംഭരണ വിലയേക്കാൾ 10 ശതമാനം അധിക വില നൽകി സംഭരിച്ച് പൊതുവിപണിയിലെ വിൽപ്പന വിലയേക്കാൾ 30 ശതമാനം വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു. മറുനാടൻ പച്ചക്കറികൾ ഹോർട്ടി കോർപ്പ് വിലയിലും ഈ ചന്തയിലൂടെ ലഭിക്കും. ഓണത്തോടനുബന്ധിച്ച് വിഷരഹിത നാടൻ മറുനാടൻ പച്ചക്കറികൾ ന്യായവിലക്ക് പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് ഇത്തരം കാർഷിക ചന്തകളിലൂടെ നഗരസഭ ഉദ്ദേശിക്കുന്നതെന്ന് വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അറിയിച്ചു.
വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. ഷീജയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി എസ്.വിശ്വനാഥൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാർ, കൃഷി ഓഫീസർ വി.എൽ.പ്രഭ, സി.ഡി.എസ് ചെയർപേഴ്സൺ എ.റീജ, കർഷക സമിതി അംഗങ്ങൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.

