ആറ്റിങ്ങൽ: പട്ടണത്തിലെ തൊഴിൽ ക്ഷാമം പരിഹരിക്കുന്നതിന് വേണ്ടിയാണ് വിവിധങ്ങളായ പഠനം പൂർത്തിയാക്കി നിൽക്കുന്ന ഉദ്യോഗാർത്ഥികളെ പങ്കെടുപ്പിച്ചു കൊണ്ട് ഒന്നാം ഘട്ട ആലോചനായോഗം നഗരസഭയിൽ സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി യോഗം ഉദ്ഘാടനം ചെയ്തു. ബിടെക്ക്, എംടെക്ക്, ഡിപ്ലോമ, ഐ.റ്റി.ഐ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയവരാണ് യോഗത്തിൽ പങ്കെടുത്തവരിലേറെയും. ഇവരെ ഉൾപ്പെടുത്തിയാണ് പ്രൊമോട്ടിംഗ് കമ്മിറ്റി രൂപീകരിച്ചത്. തുടർന്ന് സൊസൈറ്റി രൂപീകരണത്തിന്റെ ആദ്യ പടിയായി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട പൊതുയോഗത്തിൽ നീയമാവലി തയ്യാറാക്കലും, ഡയറക്ടർ ബോഡ് അംഗങ്ങളെ തിരഞ്ഞെടുക്കലും നടപ്പിലാക്കും. സ്റ്റാർട്ടപ്പിലൂടെ സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ധനസഹായവും സൊസൈറ്റിയുടെ മൂലധനവും ഉപയോഗിച്ചാണ് ഇതിന്റെ പ്രവർത്തനം ആരംഭിക്കാൻ നഗരസഭ ഉദ്ദേശിക്കുന്നത്. സംസ്ഥാനത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നഗരസഭ ഇത്തരം പദ്ധതി ആസൂത്രണം ചെയ്യുന്നത്. ഈ സംരംഭം നടപ്പിലാക്കുന്നതിലൂടെ ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയ കഴിവുള്ള ചെറുപ്പക്കാരെ കണ്ടെത്താനും അതിലൂടെ നഗത്തിലെ വിവിധ മേഖലകളിൽ നിരവധി തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനും സാധിക്കുമെന്ന് വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള അറിയിച്ചു.
നഗരസഭാ മിനിഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, കൗൺസിലർമാർ, ഉദ്യോഗാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു

