ആറ്റിങ്ങൽ: സംസ്ഥാന സർക്കാരിനും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിക്ക് എതിരെയും നുണ പ്രചരണങ്ങൾ നടത്തുന്ന കോൺഗ്രസ്, ബി.ജെ.പി സംഖ്യങ്ങളുടെ പൊള്ളത്തരങ്ങൾക്കുള്ള മറുപടിയായാണ് സി.പി.എം അവനവഞ്ചേരി കിഴക്ക് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചത്. 1 മണിക്കൂർ നീണ്ട പ്രതിഷേധ സമരത്തിന്റെ ഉദ്ഘാടനം കെ.എസ്.ആർ.റ്റി.ഇ.എ (സി.ഐ.റ്റി.യു) മുൻ സംസ്ഥാന ട്രഷററും സി.പി.എം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായ റ്റി.ദിലീപ് കുമാർ നിർവ്വഹിച്ചു. ഇരുപതോളം സഖാക്കൾ അവനവഞ്ചേരി അമ്പലംമുക്കിൽ 5 കേന്ദ്രങ്ങളിലായി പ്ലക്ക് കാർഡുകളേന്തി നിലയുറപ്പിച്ചു.
ഇടത് സർക്കാരിന്റെ പ്രതിനിധികളെ ഏതെങ്കിലും തരത്തിലുള്ള അഴിമതി ആരോപണങ്ങളിൽ പെടുത്താനുള്ള ഇവരുടെ ഓരോ ശ്രമങ്ങളും പരാജയപ്പെടുന്നതിന്റെ ഭാഗമായാണ് പുതിയ നുണപ്രചരണ തന്ത്രങ്ങളുമായി ഇത്തരക്കാർ രംഗത്തെത്തുന്നത്. കേരള ജനത ഇടത്പക്ഷ പ്രസ്ഥാനത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെ പ്രതീകമാണ് ചരിത്രം രചിച്ചു കൊണ്ട് എൽ.ഡി.എഫ് സർക്കാർ വീണ്ടും ഭരണത്തിൽ ഏറിയത്. അഴിമതിയിൽ മുങ്ങി നിൽക്കുന്ന കോൺഗ്രസ് ബി.ജെ.പി മുന്നണികൾ അവരുടെ കുറ്റങ്ങൾ മറച്ച് വക്കുന്നതിനു വേണ്ടിയാണ് സുപ്രീം കോടതിയുടെ പരിഗണനയിൽ ഉള്ള കേസിനെ വളച്ചൊടിച്ച് ജനവികാരത്തെ ഇളക്കിവിടാൻ ശ്രമിക്കുന്നത്. നമ്മുടെ നാട് ഒന്നടങ്കം മഹാമാരിയെ നേരിടുമ്പോൾ പെട്രോൾ, ഡീസൽ, പാചകവാതക ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിച്ച് ജനങ്ങളെ പ്രതിസന്ധിയിലാക്കുന്ന ബി.ജെ.പി യും, സംസ്ഥാന സർക്കാർ സൗജന്യമായി അരി നൽകിയപ്പോൾ അത് തടയാൻ സുപ്രീം കോടതി മുഖേന വിലക്ക് സമ്പാദിക്കാൻ ശ്രമിച്ച കോൺഗ്രസുമാണ് പുതിയ നുണകളുമായി എത്തുന്നതെന്ന് പ്രബുദ്ധരായ കേരള ജനത മനസിലാക്കി കഴിഞ്ഞെന്നും റ്റി.ദിലീപ് കുമാർ പറഞ്ഞു.
മുൻ കൗൺസിലർ റ്റി.ആർ.കോമളകുമാരി, ഡി.വൈ.എഫ്.ഐ അവനവഞ്ചേരി കിഴക്ക് യൂണിറ്റ് സെക്രട്ടറി അർജുൻ, മുതിർന്ന നേതാവ് അരവിന്ദാക്ഷൻ നായർ മറ്റ് ബ്രാഞ്ച് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
