ആറ്റിങ്ങൽ: നഗരസഭ വാർഡ് 27 ലെ പൊന്നറ കിഴക്കുപുറം ഏലായിലാണ് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഞാറ് നട്ട് ഉദ്ഘാടനം നിർവ്വഹിച്ചത്. 4 ഏക്കർ വരുന്ന ഏലായിൽ സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി നീണ്ട ഇടവേളക്ക് ശേഷം 2019 ൽ നെൽകൃഷി ആരംഭിച്ചിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ഇവിടെ കൃഷിയിറക്കാൻ സാധിച്ചില്ല. തുടർന്ന് ഇത്തവണ നെടുങ്കരി പാടശേഖ സമിതിയുടെ സഹായത്തോടെ വീണ്ടും കൃഷി പുനരാരംഭിക്കുക ആയിരുന്നു. അതിന്റെ ഭാഗമായി നെടുങ്കരി ഏലായിൽ ഞാറ് നട്ടിരുന്ന അതേ ദിവസം തന്നെ സമിതിയുടെ നേതൃത്വത്തിൽ കിഴക്കുപുറം ഏലായിലും ഉമ ഇനത്തിൽപ്പെട്ട വിത്ത് വിതച്ചിരുന്നു. കൂടാതെ കൃഷിക്കാവശ്യമായ ജലത്തിന് സമീപത്തെ ചെറുതോടുകളും അനുബന്ധ ജല സ്രോതസുകളും വൃത്തിയാക്കി. കൃഷിക്ക് വിത്ത് വിതച്ച് തുടർച്ചയായ 120 ദിവസത്തിനുള്ളിൽ വിള കൊയ്ത്തിന് പാകമാവും. ഇങ്ങനെ സംഭരിച്ച് കിട്ടുന്ന നെല്ല് സപ്ലെകൊ മുഖേന ന്യായവിലക്ക് വിപണിയിലെത്തിക്കും. പ്രസിദ്ധമായ പൊന്നറ ക്ഷേത്രത്തിന് സമീപത്തെ ഏലായിൽ നെൽകൃഷി പുനരാരംഭിക്കുന്നതിലൂടെ ഈ നാടിന്റെ പരമ്പരാഗത കാർഷിക സംസ്കൃതിയെ കൂടിയാണ് മടക്കിക്കൊണ്ട് വരുന്നത്. ഇത്തരത്തിൽ നഗര പരിധിയിൽ ഒരു തുണ്ട് ഭൂമി പോലും തരിശിടാതെ വ്യാപകമായി കൃഷി ചെയ്യാനാണ് കാർഷിക തൽപരരായ വ്യക്തികളെ ഉൾപ്പെടുത്തി ഓരോ കേന്ദ്രങ്ങളിലും പാടശേഖര സമിതികൾ നഗരസഭ രൂപീകരിച്ചിട്ടുള്ളതെന്നും ചെയർപേഴ്സൺ അറിയിച്ചു.
വൈസ് ചെയർമാൻ ജി.തുളസീധരൻ പിള്ള, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനും വാർഡ് കൗൺസിലറുമായ എസ്.ഷീജ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, കൃഷി ഓഫീസർ വി.എൽ.പ്രഭ, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിഷ്ണു ചന്ദ്രൻ, സി.പി.എം കുന്നുവാരം ബ്രാഞ്ച് സെക്രട്ടറി ജോയി, പാടശേഖര സമിതി കൺവീനർ സംഗീത്, ഭാരവാഹികളായ നമ്പി, പ്രശാന്ത്, വിനീഷ്, അഖിൽ, ശരത് തുടങ്ങിയവർ വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളോടൊപ്പം ഞാറ് നടീലിന് നേതൃത്വം വഹിച്ചു
