ആറ്റിങ്ങൽ: നഗര പരിധിയിൽ പാലിയേറ്റീവിൽ അംഗമല്ലാത്ത കിടപ്പ് രോഗികൾക്കും ഭിന്നശേഷിക്കാർക്കും വീടുകളിലെത്തി കൊവിഡ് പ്രതിരോധ വാക്സിൻ നൽകുകയാണ് വലിയകുന്ന് താലൂക്കാശുപത്രിയിലെ സാന്ത്വന പരിചരണ വിഭാഗം. ഇത്തരക്കാരായ ഏകദേശം 123 പേർക്കാണ് പാലിയേറ്റീവ് യൂണിറ്റിലൂടെ വാക്സിൻ ലഭ്യമാക്കിയത്. കൊവിഡ് രണ്ടാം തരംഗം തീവ്രത കുറക്കുന്നതിന്റെ ഭാഗമായാണ് പാലിയേറ്റീവ് യൂണിറ്റിൽ രെജിസ്ടർ ചെയ്യാത്തവരെയും വാക്സിനേഷന് പരിഗണിക്കാൻ നഗരസഭ തയ്യാറായത്. പ്രതിരോധ വാക്സിന്റെ ലഭ്യത ഉറപ്പ് വരുത്തുന്നതിനായി താലൂക്കാശുപത്രിയിലെ വാക്സിൻ കേന്ദ്രത്തിലൂടെ പ്രതിദിനം 500 മുതൽ 700 വരെ വാക്സിൻ നൽകുന്നു. ഇത് നഗരവാസികൾക്ക് പുറമെ സമീപ പഞ്ചായത്തുകളിൽ ഉള്ളവർക്കും നൽകാൻ സാധിക്കുന്നു എന്നത് വളരെ പ്രയോജനകരമാണ്. കൂടാതെ രെജിസ്ടർ ചെയ്ത 168 പാലിയേറ്റീവ് രോഗികൾക്ക് കൃത്യമായി വാക്സിനേഷൻ പൂർത്തിയാക്കാൻ സാധിച്ചു. പ്രതിദിന വാക്സിൻ വിതരണത്തിന് പുറമേ 2 മെഗാവാക്സിൻ ദിനവും, സമ്പൂർണ വാക്സിൻ യജ്ഞവും നഗരസഭക്ക് സംഘടിപ്പിക്കാൻ സാധിച്ചത് പട്ടണത്തിൽ വലിയൊരളവ് പ്രതിരോധം സൃഷ്ടിക്കാൻ സാധിച്ചെന്നും ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യസുധീർ അറിയിച്ചു.
