ആറ്റിങ്ങൽ പാലസ് റോഡിൽ നടക്കുന്ന അശാസ്ത്രീയമായ ഓട നിർമാണം എം എൽ എ ഒ.എസ് അംബികയും നഗരസഭാ അധ്യക്ഷയും നിർത്തിവെപ്പിച്ചു. അശാസ്ത്രീയമായ ഓട നിർമാണത്തിൽ നാട്ടുകാർ പ്രതിഷേധമറിയിച്ചതോടെയാണ് എം എൽ എ നിർമാണ പ്രവർത്തനങ്ങൾ അടിയന്തരമായി നിർത്തിവെപ്പിച്ചത്. പുതിയതായി നിര്‍മ്മിച്ചത് പൊളിച്ചു നീക്കി ഓട പഴയ പടി ആക്കണമെന്നും എംഎൽഎ അറിയിച്ചു.
റോഡിൽ നിന്നും ഏറെ ഉയരത്തിലാണ് ഓട നിർമ്മിക്കുന്നതെന്നും കടകളിലേക്കും വീടുകളിലേക്കും പ്രവേശിക്കുന്നത്തിനും മറ്റും ബുദ്ധിമുട്ടാണെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. കൂടാതെ ഓടയുടെ ഉയരം കുറയ്ക്കാനായി കോൺക്രീറ്റ് ഇട്ട് ചരിവ് ഉണ്ടാക്കിയത് റോഡിന്റെ വീതി കുറയ്ക്കുയാണ് ചെയ്തത്. ഇത് കാൽ നട യാത്രികർക്കുപോലും ബുദ്ധിമുട്ടാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേ തുടർന്നാണ് എം എൽ എയും നഗരസഭാ അധ്യക്ഷയും സ്ഥലം സന്ദർശിക്കുകയും അടിയന്തരമായി പ്രവർത്തങ്ങൾ നിർത്തിവെപ്പിക്കാനായി നോട്ടീസ് നൽകുകയും ചെയ്തത്.
