
ആറ്റിങ്ങൽ: പാചകവാതകത്തിന്റെ അനിയന്ത്രിത വില വർദ്ധനവിൽ പ്രതിഷേധിച്ച് സി.ഐ.റ്റി.യു അവനവഞ്ചേരി കിഴക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ നിശാ സമരം സംഘടിപ്പിച്ചു. ചുരുങ്ങിയ കാലയളവിനിടയിൽ ബി.ജെ.പി സർക്കാർ മൂന്ന് ഇരട്ടിയാണ് പാചകവാതക സിലിണ്ടറിന് വില വർദ്ധിപ്പിച്ചത്. കോർപ്പറേറ്റുകളുടെ കീശ പെരുപ്പിക്കുന്നതോടൊപ്പം സാധാരണക്കാരനെ മുഴു പട്ടിണിയിലേക്ക് തള്ളിവിടുന്ന നയമാണ് മോദി സർക്കാർ സ്വീകരിക്കുന്നത്. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ 25 രൂപ 50 പൈസയാണ് ഇത്തരക്കാരുടെ ധൂർത്തിനു വേണ്ടി ജനങ്ങളുടെ കീശയിൽ നിന്നും കൊള്ളയടിക്കുന്നത്.
യൂണിറ്റ് പ്രസിഡന്റ് ആർ.എസ്. അരുണിന്റെ അധ്യക്ഷതയിൽ ചേർന്ന സമര പരിപാടിയുടെ ഉദ്ഘാടനം സി.പി.എം ഏരിയ കമ്മിറ്റി അംഗവും, നഗരസഭ കൗൺസിലറുമായ ആർ.എസ്. അനൂപ് നിർവ്വഹിച്ചു. സി.പി.എം ഈസ്റ്റ് കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, സി.ഐ.റ്റി.യു ഏരിയ കമ്മിറ്റി കോർഡിനേറ്റർ റ്റി.ദിലീപ് കുമാർ തുടങ്ങിയവർ അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി സിനു.എസ്.പി പ്രതിഷേധ സമരത്തിന് നന്ദി അറിയിച്ചു. പ്രതിഷേധ മുദ്രാവാക്യം ഉയർത്തിക്കൊണ്ട് അവനവഞ്ചേരി അമ്പലനടയിൽ സംഘടിപ്പിച്ച നിശാ സമരത്തിൽ യൂണിറ്റ് വൈസ് പ്രസിഡന്റുമാർ, ജോയിൻ സെക്രട്ടറിമാർ, മറ്റ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
