കഴക്കൂട്ടം ബൈപ്പാസ് റോഡിൽ കെഎസ്ആർടിസി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചു അച്ഛനും മകനും മരിച്ചു.സ്കൂട്ടർ യാത്രക്കാരായ രാജേഷ്,മകൻ ഋതിക് എന്നിവരാണ് മരിച്ചത്.ഇൻഫോസിസിനു സമീപം ടി എസ് സി ആശുപത്രിക്കു മുന്നിൽ ഉച്ചക്ക് 12.30 നോട് കൂടിയാണ് അപകടം നടന്നത്.കുടുംബം സഞ്ചരിച്ചിരുന്ന സ്കൂട്ടറാണ് ബസിനു പിന്നിലേക്ക് ഇടിച്ചു കയറിയത്.ഗുരുതരമായി പരിക്കേറ്റ രാജേഷിന്റെ ഭാര്യ സുജിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അച്ഛനും മകനും ഇടിയുടെ ആഘാതത്തിൽ ബസിനടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു.തൃശ്ശൂർ സ്വദേശിയായ രാജേഷും കുടുംബവും ബാലരാമപുരം മടവൂർ പാറയിലാണ് ഇപ്പോൾ താമസം.അലൂമിനിയം ഫാബ്രിക്കേഷൻ കമ്പനിയിലെ സെയിൽസ് എക്സിക്യൂട്ടീവ് ആണ് രാജേഷ്.കിളിമാനൂരിലുള്ള സുഹൃത്തിൻെറ വീട്ടിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം.നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.കഴക്കൂട്ടം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെത്തിയാണ് മൂന്നുപേരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
