അർഹമായ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിൽ സർക്കാർ അലംഭാവം കാട്ടുന്നതിൽ പ്രതിക്ഷേധിച്ച് സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഈ മാസം 9 മുതൽ സമരത്തിലേക്ക്. അതിന്റെ ഭാഗമായി ചൊവ്വാഴ്ച എല്ലാ സർക്കാർ മെഡിക്കൽ കോളേജുകളിലെയും പ്രിൻസിപ്പൽ ഓഫീസിലേക്ക് പ്രതിഷേധജാഥയും ഓഫിസിനുമുൻപിൽ ധർണയും നടത്തും. രോഗി പരിചരണത്തെ ബാധിക്കാത്ത തരത്തിൽ, കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് പ്രതിഷേധം നടത്തുക. മെഡിക്കൽ കോളേജിലെ വിവിധതലങ്ങളിലുള്ള ഡോക്ടർമാരുടെ ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നത് വരെയും അന്നുമുതൽ ആരംഭിക്കുന്ന പ്രത്യക്ഷസമരത്തിലൂടെ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ടുപോകാനാണ് സംഘടനയുടെ തീരുമാനം.
കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിലെ അധ്യാപകരുടെ 2016 ൽ നടക്കേണ്ടിയിരുന്ന ശമ്പളപരിഷ്കരണം ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ 4 വർഷം വൈകി 2020ൽ മാത്രമാണ് ലഭ്യമായത്. ശമ്പളപരിഷ്കരണ ഉത്തരവ് കഴിഞ്ഞവർഷം സെപ്റ്റംബർ മാസത്തിൽ പുറത്തിറങ്ങിയെങ്കിലും ഇതുവരെയും ബഹുഭൂരിഭാഗം മെഡിക്കൽ കോളേജ് അധ്യാപകർക്കും പുതുക്കിയ ശമ്പളം അനുസരിച്ചുള്ള പേ സ്ലിപ് പോലും നൽകിയിട്ടില്ല. കൂടാതെ പരിഷ്കരണത്തിൽ വന്നിട്ടുള്ള വിവിധതലത്തിലുള്ള അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും അതൊന്നും ഇതുവരെയും പരിഹരിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. കോവിഡ് പരിചരണത്തിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന മെഡിക്കൽ കോളേജ് ഡോക്ടർമാരോട് സർക്കാർ കാണിക്കുന്ന വഞ്ചനയാണിതെന്നുതന്നെയാണ് കെജിഎംസിടിഎ യുടെ അഭിപ്രായം. ഉത്തരവിറങ്ങി ഒരു വർഷം തന്നെ പിന്നിട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നുമുള്ള ഇത്തരം അവഗണനാപരമായ സമീപനത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് തങ്ങൾ സമരത്തിലിറങ്ങേണ്ടി വരുന്നതെന്ന് കെജിഎംസിറ്റിഎ പറഞ്ഞു. കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജ് അധ്യാപകർ ഈ വരുന്ന ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ടതും എൻട്രി കേഡറിൽ ഉള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്നതുമായ അപാകതകൾ പരിഹരിക്കുക എന്ന പ്രധാന ആവശ്യത്തിനൊപ്പം സ്ഥാനക്കയറ്റവും സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്കും എത്രയും വേഗം പരിഹാരം കാണണമെന്ന് സർക്കാരിനോട് സംഘടന ശക്തമായി ആവശ്യപ്പെടുന്നു.
