മാറനല്ലൂര്‍ പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡായ നെയ്യാറ്റിൻകര,ബാലരാമപുരം- കാട്ടാക്കട റോഡിൽ നടപ്പാതയില്ലാതെ വലയുകയാണ് വിദ്ധ്യാർത്ഥികളടക്കമുള്ള കാൽനടക്കാർ. പൂർണ്ണമായി കാടുകയറിയ നടപ്പാതയിൽ പലയിടങ്ങളിലായി ഉപേക്ഷിക്കപ്പെട്ട നിലയില്‍ വാഹനങ്ങളും, പൈപ്പുകളും, പെട്ടിക്കടകളും നീക്കം ചെയ്യാന്‍ നടപടിയില്ല. അനധികൃത മത്സ്യ കച്ചവടവും സജീവമാണ്. കാളിപ്പാറ കുടിവെള്ള പദ്ധതിക്കായി എത്തിച്ച നൂറോളം കൂറ്റൻ പൈപ്പുകളാണ് റോഡുവക്കിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്നത്. മാറനല്ലൂര്‍ കവല മുതല്‍ അരുമാളൂർ വരെയുള്ള ഭാഗങ്ങളിലാണ് പൈപ്പുകളും, വാഹനങ്ങളും പെട്ടിക്കടകളും പലയിടത്തായി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. വര്‍ഷങ്ങളായാണ് വാഹനങ്ങള്‍ പാതയോരത്ത് നിന്ന് നീക്കം ചെയ്യാതെ കാടുകയറി കിടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചെങ്കിലും വാഹന ഉടമകളെ കണ്ടെത്തുന്നതിനോ മറ്റ് നടപടികള്‍ സ്വീകരിക്കുന്നതിനോ തയ്യാറാകുന്നില്ലെന്നാണ് പരാതി. ഒതുക്കിയിട്ടിരിക്കുന്ന വാഹനങ്ങളില്‍ രാത്രി കാലങ്ങളില്‍ ചിലയിടത്ത് മദ്യപാനവും പതിവാണ്.
അരുമാളൂരിന് സമീപം പാതയോരം കാട് കയറിയതിനെ തുടര്‍ന്ന് നിക്ഷേപിച്ചിട്ടുള്ള പൈപ്പുകളില്‍ പാഴ്ച്ചെടികള് വളര്‍ന്ന് പൈപ്പും റോഡും കാണാൻ കഴിയാത്ത നിലയിലായത് അപകടങ്ങൾക്കും കാരണമാവുന്നു. പഞ്ചായത്തില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി നല്കിയപ്പോള് പാതയോരത്തെ കാട് വെട്ടി നവീകരണം നടക്കുന്ന സമയത്ത് അനധികൃതമായി കൊണ്ടിട്ടിരിക്കുന്ന വാഹനങ്ങളും, പൈപ്പുകളും നീക്കം ചെയ്യുമെന്ന് അറിയിച്ചിരുന്നു, എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും ഒരു നടപടിയും ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തിരമായി റോഡിനിരുവശവും വൃത്തിയാക്കി,നടപ്പാത സ്ഥാപിച്ച് സംരക്ഷണ വേലി നിർമ്മിക്കണമെന്നാണ് കാൽനട യാത്രക്കാരുടെ ആവശ്യം.


