നീതി ആയോഗിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കുറവ് ദാരിദ്ര്യം ഉള്ള സംസ്ഥാനം കേരളമാണ്. 0.71 % ആണ് കേരളത്തിലെ ദാരിദ്ര്യമെങ്കിൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ബിഹാറിൽ 51.91ശതമാനം പേര് ദരിദ്രരാണ്. ജാർഖണ്ഡിൽ 42.16 ശതമാനവും ഉത്തർപ്രദേശിൽ 37.79 ശതമാനവും പേര് ദാരിദ്ര്യം അനുഭവിക്കുന്നു. മധ്യപ്രദേശ് 36.65 ശതമാനവുമായി പട്ടികയിൽ നാലാം സ്ഥാനത്താണ്.
ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നിവയിലെ മികവ് അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കുന്നത്. ഓക്സ്ഫോര്‍ഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവും യുഎന്‍ ഡെവലപ്മെന്റ് പ്രോഗ്രാമും വികസിപ്പിക്കുകയും, ആഗോളതലത്തില്‍ സ്വീകരിക്കപ്പെടുകയും ചെയ്ത പൊതു രീതിശാസ്ത്രത്തിലൂടെയാണ് ദാരിദ്ര്യ സൂചിക നിർണ്ണയിക്കുന്നത്. പോഷകാഹാരം, കുട്ടികളുടെയും കൗമാരക്കാരുടെയും മരണനിരക്ക്, ഗർഭകാല പരിചരണം, സ്കൂൾ വിദ്യാഭ്യാസം, സ്കൂൾ ഹാജർ, പാചക ഇന്ധനം, ശുചിത്വം, കുടിവെള്ളം, വൈദ്യുതി, ഭവനം, ആസ്തികൾ, ബാങ്ക് അക്കൗണ്ടുകൾ എന്നിങ്ങനെ 12 ഘടകങ്ങൾ കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്.
