ദേശീയപാത ആറ് വരിയാക്കി വികസിപ്പിക്കുന്ന പദ്ധതി അതിവേഗം പുരോഗമിക്കുകയാണ്. ഒക്ടോബർ മാസം 28 ന് ഡൽഹിയിൽ വെച്ച് കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി ശ്രീ. നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കേരളത്തിൻ്റെ സ്വപ്ന പദ്ധതിയായ ദേശീയപാത വികസനത്തെ കുറിച്ചും ചർച്ച ചെയ്തു. വളരെ അനുഭാവപൂർവ്വമായി അദ്ദേഹം കേരളത്തിൻ്റെ ആവശ്യങ്ങൾ കേൾക്കുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അപ്പോൾ തന്നെ വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. 20 റീച്ചുകളായാണ് ദേശീയപാത വികസനം നടപ്പിലാക്കുന്നത്. അതിൽ ഇതുവരെ 16 റീച്ചുകളുടെയും കരാർ ഉറപ്പിച്ച് കഴിഞ്ഞതായി ദേശീയപാത അതോറിറ്റി അധികൃതർ അറിയിച്ചിട്ടുണ്ട്. ബാക്കിയുള്ള നാല് റീച്ചുകളുടെ കരാർ നൽകുന്നതിനുള്ള നടപടിക്രമം അവസാന ഘട്ടത്തിലാണെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്. ഇതൊരു വലിയ നേട്ടമാണ്. കേരളത്തിലെ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ പ്രത്യേകം അഭിനന്ദിക്കുന്നു.
കൃത്യമായ ഇടവേളകളില്‍ പുരോഗതി വിലയിരുത്തിക്കൊണ്ട് ദേശീയ പാതാ വികസനത്തിന്റെ ഭാഗമായ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനാവശ്യമായ ഇടപെടലുകള്‍ നടത്തും. സംസ്ഥാന സര്‍ക്കാര്‍ എല്ലാ സഹായവും ദേശീയപാത അതോറിറ്റിക്ക് നല്‍കും.ആറ് വരിപ്പാത വികസനത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിൻ്റെ റോഡുകൾ ദേശീയപാത അതോറിറ്റിക്ക് വിട്ടുനൽകിയിരുന്നു. അതുകൊണ്ട് തന്നെ ഈ റോഡുകളിൽ ഒരു പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പിന് ചെയ്യാൻ സാധിക്കുന്നില്ല. റോഡ് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിൽ ആയതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആറ് വരിയാക്കി വികസിപ്പിക്കുന്ന ഈ റോഡുകളുടെ ഇപ്പോഴത്തെ അവസ്ഥ കേന്ദ്ര മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അടിയന്തിര പ്രാധാന്യത്തോടെ അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ദേശീയപാത അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര മന്ത്രിയും ആവശ്യമായ നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ ഭാഗമായി ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുകയാണ്. ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട ആലപ്പുഴ ജില്ലയില്‍ താല്‍ക്കാലികമായി അറ്റകുറ്റപ്പണികള്‍ നടത്തുന്നുണ്ട്. കാലാവസ്ഥ അനുകൂലമാകുമ്പോഴേക്കും പ്രവൃത്തി തുടങ്ങാനാവശ്യമായ ശ്രമങ്ങളാണ് നടത്തിവരുന്നത്.
