പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് എം.എൽ.എമാർ സൈക്കിൾ ചവിട്ടി നിയമസഭാ സമ്മേളനത്തിന്റെ അവസാന ദിവസം സഭയിലെത്തി. ഇന്ധന വില കുറയ്ക്കുന്നതിന് ഇടപെടാത്ത കേന്ദ്ര സർക്കാരിനെതിരെയും ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സർക്കാരിനെതിരെയും വേറിട്ട പ്രതിഷേധവുമായാണ് പ്രതിപക്ഷം രംഗത്തുവന്നത്. പാളയത്തെ എംഎൽഎ ഹോസ്റ്റലിൽ നിന്നും തുടങ്ങിയ പ്രതിഷേധ സൈക്കിൾ യാത്ര നിയമസഭ വരെ നീണ്ടു. കോൺഗ്രസിനൊപ്പം ഘടകകക്ഷികളുടെ പ്രതിനിധികളും പ്രതിഷേധ സൈക്കിൾ മാർച്ചിൽ പങ്കെടുത്തു.
സംസ്ഥാനം നികുതി കുറക്കണമെന്ന ആവശ്യം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിലാണ് പ്രതിഷേധം. നികുതി കുറക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തെ, മറ്റ് സംസ്ഥാനങ്ങളിലെ കോൺഗ്രസ് സർക്കാരുകൾ നികുതി കുറക്കുന്നില്ലെന്ന് വാദം മുൻനിർത്തിയാണ് സിപിഎമ്മും ധനമന്ത്രിയും നേരത്തെ പ്രതിരോധിച്ചിരുന്നത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളായ പഞ്ചാബും രാജസ്ഥാനും ഇതിനോടകം നികുതി കുറച്ചു.
