തീരദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുയർത്തി തീരഭൂസംരക്ഷണ വേദി നവംബർ 9,10 തിയ്യതികളിൽ സെക്രട്ടറിയേറ്റിന് മുന്നിൽ കടൽകോടതി സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സമരം ഉദ്ഘാടനം ചെയ്യും.
നിരന്തരമുണ്ടാകുന്ന ചുഴലിക്കാറ്റുംകടൽക്ഷോഭവും കൊണ്ട് വീട് നഷ്ടപ്പെട്ട ആയിരങ്ങൾ ക്യാമ്പുകളിലും ബന്ധുവീടുകളിലും അഭയാർത്ഥികളായി കഴിയുകയാണ്. അവരെ അടിയന്തിരമായി പുനരധിവസിപ്പിക്കണം. അതുവരെ കഴിയുന്നതിന് വാടക വീട് എടുത്തു നൽകുകയോ അതിൻ്റെ തുക നൽകുകയോ ചെയ്യണം. തീര ജനതയെ പുനരധിവസിപ്പിക്കുന്നതിൻ്റെ പേരിൽ പ്രഖ്യാപിക്കപ്പെട്ട പുനർഗേഹം പദ്ധതി ഒരു വഞ്ചനയാണ്. തീരത്തു നിന്ന് മത്സ്യതൊഴിലാളി സമൂഹങ്ങളെ കുടിയിറക്കി കോർപ്പറേറ്റുകൾക്കും ടൂറിസം മാഫിയകൾക്കും തീരം വിട്ടുകൊടുക്കാനുള്ള ഒളിയജണ്ടകൾ ഇതിന് പിന്നിലുണ്ട്.
വനത്തിൻ്റെ അവകാശം ആദിവാസികൾക്ക് എന്ന പോലെ തീരത്തിൻ്റെ അവകാശം തീരദേശ ജനതക്ക് നിയമം വഴി ഉറപ്പു വരുത്തണം. തീരദേശ ജനതയെ അഭയാർത്ഥികളാക്കുന്ന നയങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണം. എം.പി.മാർ, എം.എൽ.എമാർ, ട്രേഡ് യൂനിയൻ നേതാക്കൾ, എഴുത്തുകാർ, കലാ-സാംസ്കാരിക -മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവരൊക്കെ സമരത്തിൽ പങ്കെടുക്കും. തെരുവു നാടകം, തെരുവോര ചിത്രരചന, കടൽ പാട്ടുകൾ, നാടൻപാട്ട്, കവിതാലാപനം, ഡോക്യുമെൻ്ററി പ്രദർശനം തുടങ്ങിയ പരിപാടികളും സമരത്തിൻ്റെ ഭാഗമായുണ്ടാകും.
