മാറനല്ലൂര്‍: നിലവില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലെ അസൗകര്യം കാരണം വീണ്ടും വാടക കെട്ടിടമന്വേഷിച്ച് മാറനല്ലൂര്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍.
മാറനല്ലൂര്‍ ആരോഗ്യ കേന്ദ്രത്തിന് സമീപം വാടകകെട്ടിടത്തില് പ്രവര്‍ത്തിച്ചിരുന്ന ഓഫീസ് മൂലക്കോണത്തിന് സമീപമുള്ള വാടകകെട്ടിടത്തിലേക്ക് മാറിയിട്ട് ആറ് മാസമേ ആയിട്ടുള്ളൂ. ആരോഗ്യകേന്ദ്രത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന സ്ഥലത്തെ പരിസരവാസികളും, ഉദ്യോഗസ്ഥരും തമ്മിലുണ്ടായ തര്‍ക്കവും തുടര്‍ന്നുണ്ടായ സംഘട്ടനങ്ങളുമാണ് അവിടെ നിന്ന് മാറാനും മൂലക്കോണത്തിന് സമീപമുള്ള കെട്ടിടം തിരഞ്ഞെടുക്കാനും കാരണമായത്. മൂലക്കോണത്തുളള കെട്ടിടം തിരഞ്ഞെടുത്ത സമയത്ത് ഓഫീസിലെ ഒരു വിഭാഗം ജീവനക്കാര്‍ സ്ഥല സൗകര്യം കുറവാണെന്ന പേരില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മാറനല്ലൂരില്‍ മറ്റൊരിടത്തും കെട്ടിടം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൂലക്കോണത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയത്. കെ.എസ്.ഇ.ബി ഓഫീസിന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിനുവേണ്ടി പോലീസ് സ്റ്റേഷന് സമീപം പഞ്ചായത്ത് വക സ്ഥലം വിട്ടു നല്‍കിയെങ്കിലും ബന്ധപ്പെട്ട മറ്റ് നടപടികള്‍ താലൂക്ക് ഓഫീസില്‍ തന്നെ കിടക്കുന്നതാണ് കെ.എസ്.ഇ.ബിക്ക് സ്വന്തമായി കെട്ടിടമെന്ന ആവശ്യം നീണ്ടു പോകാൻ കാരണം. എന്നാല്‍ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന മെല്ലെപോക്കാണ് കാര്യങ്ങള്‍ വേഗത്തില്‍ നടക്കാതാക്കിയതെന്നും ആക്ഷേപമുണ്ട്. പലപ്പോഴായുള്ള ഓഫീസിന്റെ മാറ്റത്തില്‍ വലയുന്നത് ഉപഭോക്താക്കളാണ്. അടുത്ത കറണ്ട് ബില്ലടക്കാൻ കെ എസ് ഇ ബി ഓഫീസ് അന്വേഷിച്ച് എവിടെ പോകണമെന്നാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്.

