മാറനല്ലൂർ : മാറനല്ലൂർ അണപ്പാട് റോഡിലെ പൈപ്പ് പൊട്ടലിനു പരിഹാരം കാണാനാകുന്നില്ല. പലയിടത്തും പൈപ്പ് പൊട്ടുകയും അതു നന്നാക്കുന്നതിനുപിന്നാലെ പൊട്ടുന്നതും പതിവാണ്.
മാറനല്ലൂർ-അണപ്പാട് റോഡ് അടുത്തിടെയാണ് ടാർ ചെയ്തു നവീകരിച്ചത്. റോഡ് നവീകരിച്ചതിനു പിന്നാലെ നോർത്ത് കവലയ്ക്കു സമീപം പൈപ്പ് പൊട്ടിയതിനെത്തുടർന്ന് റോഡിന്റെ ഒരുഭാഗം വെട്ടിപ്പൊളിച്ചെങ്കിലും കുഴി നികത്തിയിട്ടില്ല. റോഡിലെ കുഴിയിൽ വീണ് ഇരുചക്രവാഹനയാത്രക്കാർ ഇപ്പോൾ അപകടത്തിൽപ്പെടുന്നതും പതിവായിട്ടുണ്ട്. റോഡ് വെട്ടിപ്പൊളിച്ച സ്ഥലത്ത് ഇപ്പോഴും പൈപ്പ് പൊട്ടി വെള്ളം പാഴാകിക്കൊണ്ടിരിക്കുന്നു.
മാറനല്ലൂർ ക്ഷീരയ്ക്കു സമീപമുള്ള ഇടറോഡിൽ ജലവിതരണ പൈപ്പ് പൊട്ടിയിട്ട് ഒരു വർഷം പിന്നിട്ടു. ഇതുവരെ നവീകരണജോലികൾ നടത്താൻ അധികൃതർ തയ്യാറിയിട്ടില്ല. നിരവധിതവണ പ്രദേശവാസികൾ ജല അതോറിറ്റിയെ വിവരമറിയിച്ചെങ്കിലും പ്രയോജനമല്ലെന്നാണ് ആക്ഷേപം. കോൺക്രീറ്റ് ചെയ്ത് നവീകരിച്ച റോഡിൽ സ്ഥിരമായി പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത് കാരണം റോഡ് ഇപ്പോൾ പൊളിഞ്ഞുതുടങ്ങിയെന്നും നാട്ടുകാർ പറയുന്നു.
