തിരുവനന്തപുരം നഗരത്തിൽ കൊട്ടിഘോഷിച്ച് കെ.എസ്.ആർ.ടി.സി തുടക്കമിട്ട സർക്കുലർ സർവീസിൽ കയറാൻ ആളില്ല. ശരാശരി ആയിരം രൂപ പോലും ഒരു ബസിന് കളക്ഷൻ ലഭിക്കുന്നില്ല. റൂട്ടുകൾ നിശ്ചയിച്ചതിലെ പ്രശ്നമാണ് യാത്രക്കാർ കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. നിശ്ചയിച്ച റൂട്ടുകളാണ് സിറ്റി സർക്കുലറിൽ തിരക്ക് കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. പ്രധാന ഓഫീസുകളെയും വിനോദസഞ്ചാരകേന്ദ്രങ്ങളെയും ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നുണ്ടെങ്കിൽ ഇടറോഡുകളിലൂടെ സർവീസുകൾ അധികവും പോകുന്നത്. ഓഫീസ് സമയം കഴിഞ്ഞാൽ ഇവിടെയൊന്നും മുഴുവൻ സയമവും യാത്രക്കാരെ ലഭിക്കണമെന്നില്ല. ലാഭമല്ലെന്ന് കണ്ട് സ്വകാര്യബസുകൾ പോലും വേണ്ടെന്ന് വച്ച റൂട്ടുകളാണ് തിരഞ്ഞെടുത്തിട്ടുള്ളതെന്ന് യൂണിയനുകൾ ആരോപിക്കുന്നു.
നേരത്തെ ഇലക്ട്രിക് ബസുകൾ പരീക്ഷണാടിസ്ഥാനത്തിൽ സർവീസ് നടത്തിയപ്പോൾ ഇതേ റൂട്ടുകൾ തിരഞ്ഞെടുത്ത് നഷ്ടം സഹിച്ചതാണ് കെ.എസ്.ആർ.ടി.സി. പിടിപി നഗർ പോലെ തിരക്കില്ലാത്ത ഇടങ്ങളിലൂടെ പതിനഞ്ച് മിനിട്ട് കൂടുമ്പോൾ സർവീസ് നടത്തിയകൊണ്ട് കാര്യമില്ലെന്നും ജീവനക്കാർ പറയുന്നു. സർക്കുലർ സർവീസിന്റെ കൂടി നഷ്ടം സഹിക്കേണ്ടിവരുമെന്ന ആശങ്കയും ജീവനക്കാർക്കുണ്ട്.
