ആറ്റിങ്ങൽ: ജനുവരി 14, 15, 16 ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പതാക ദിനത്തിലാണ് തച്ചൂർകുന്ന് ബ്രാഞ്ച് കമ്മിറ്റിയുടെ പുതിയ പാർട്ടി ഓഫീസ് തുറന്നത്. ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം ഏരിയ കമ്മിറ്റി അംഗവും മുൻ നഗരസഭ അധ്യക്ഷനുമായ എം.പ്രദീപ് നിർവഹിച്ചു. തുടർന്ന് ഓഫീസിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിമരത്തിൽ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ചെങ്കൊടി ഉയർത്തി.
പൊതുജന ക്ഷേമപരമായ കാര്യങ്ങളിൽ ഇടപെടുന്നതിനും പ്രാദേശിക വിഷയങ്ങൾ നയപരമായി കൈകാര്യം ചെയ്യുന്നതിനും വേണ്ടിയാണ് പുതിയൊരു ആസ്ഥാനം പ്രവർത്തന സജ്ജമാക്കിയത്. കൊവിഡിന്റെ മൂന്നാം തരംഗം ശക്തി പ്രാപിക്കുന്ന ഈ സാഹചര്യത്തിൽ സിപിഎം, ഡി.വൈ.എഫ്.ഐ വോളന്റെറി പ്രവർത്തനങ്ങൾ ഈ പാർട്ടി ഓഫീസ് വഴി ഏകോപിപ്പിക്കാനും സാധിക്കും. ബ്രാഞ്ച് കമ്മിറ്റിക്ക് പുത്തനൊരു ആസ്ഥാനം സാധ്യമായതോടെ ഇനിയുളള സംഘടന യോഗങ്ങളും അതിലൂടെ കമ്മിറ്റിയുടെ പ്രവർത്തന മണ്ഡലവും ശക്തിപ്പെടുത്താൻ കഴിയും. കൂടാതെ പ്രദേശത്തെ രാഷ്ട്രീയേതര ന്യായമായ വിഷയങ്ങൾ സംബന്ധിച്ച് ആർക്കും എപ്പോൾ വേണമെങ്കിലും കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടാമെന്ന് ഉദ്ഘാടകൻ എം.പ്രദീപ് അറിയിച്ചു. ഏരിയ കമ്മിറ്റി അംഗം എം.മുരളി, ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സി.ചന്ദ്രബോസ്, ബ്രാഞ്ച് സെക്രട്ടറി റ്റി.റ്റി.ഷാജി, പാർട്ടി പ്രവർത്തകർ, നാട്ടുകാർ തുടങ്ങിയവർ പങ്കെടുത്തു.

