നാഗര്‍കോവില്‍: ഹോട്ടല്‍ റിസപ്ഷനിസ്റ്റായിരുന്ന നീലന് എന്ന അയ്യപ്പന്റെ ദാരുണാന്ത്യത്തോടെ ഒരു കുടുംബത്തിന്റെ അത്താണിയാണ് ഇല്ലാതായത്.
കന്യാകുമാരി ജില്ലയിലെ കോട്ടാര്‍, ചെട്ടിത്തെരുവ് സ്വദേശി മാടസ്വാമി-വേലമാള്‍ ദമ്ബതികളുടെ രണ്ടാമത്തെ മകനാണ് കൊല്ലപ്പെട്ട നീലന്.
ചേച്ചി ചിദംബരം (സിന്ധു), അനുജത്തി ശിവപ്രിയ എന്നിവരുടെ വിവാഹം കഴിഞ്ഞു. നീലന്റെ വിവാഹാലോചനകള്‍ നടക്കുന്നതിനിടെയാണ് കുടുംബത്തെ ഞെട്ടിച്ച സംഭവമുണ്ടായത്. നീലന്റെ ശമ്ബളം കൊണ്ടായിരുന്നു വീട്ടുചെലവുകള് നടന്നിരുന്നത്. ശമ്ബളം കിട്ടുന്ന ദിവസം അച്ഛന്റെ ബാങ്ക് അക്കൗണ്ടില്‍ വീട്ടുചെലവിനുള്ള തുക നീലന് അയച്ചുകൊടുക്കും.
നാട്ടുകാരുടെ എന്ത് ആവശ്യങ്ങള്‍ക്കും മുന്നിലുണ്ടാകുന്ന നീലന് ദുഃശീലങ്ങള്‍ ഒന്നുംതന്നെയില്ലെന്ന് സുഹൃത്തുക്കള്‍ പറയുന്നു. കൊവിഡിനെ തുടര്‍ന്നുള്ള ലോക്ക് ഡൗണില്‍ ഹോട്ടല്‍ അടച്ചതിനെ തുടര്‍ന്ന് നാട്ടില്‍ മടങ്ങിയെത്തിയ നീലന് ഒമ്ബതുമാസങ്ങള്ക്ക് മുമ്ബാണ് വീണ്ടും ഹോട്ടലില്‍ തിരികെയെത്തിയത്. രണ്ടുമാസം മുമ്ബാണ് അവസാനമായി വീട്ടിലെത്തിയത്.
പ്രതിയെ പിടികൂടിയെങ്കിലും മകന്റെ ജീവന് തിരിച്ചു കിട്ടില്ലല്ലോ എന്ന് മാടസ്വാമി പറഞ്ഞു
