തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസിൽ അപ്പീൽ നൽകാൻ സർക്കാർ അനുമതി. ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിചാരണ കോടതി വിധിക്കെതിരെയാണ് അപ്പീൽ നൽകുന്നത്. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. എ.ജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയത്. എല്ലാ കുറ്റത്തിൽ നിന്നും ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. കുറുവിലങ്ങാട് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ ബിഷപ്പായിരുന്ന ഫ്രാങ്കോ മുളക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. 2018 ജൂൺ 27നാണ് കന്യാസ്ത്രീ പരാതി നൽകിയത്.
വൈക്കം ഡിവൈഎസ്പി ആയിരുന്ന കെ. സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിവിധ സംസ്ഥാനങ്ങളിലായി നാല് മാസത്തോളം വിശദമായ അന്വേഷണം നടത്തി ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബലാത്സംഗം, അന്യായമായി തടവിൽ വെയ്ക്കൽ, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കൽ ഉൾപ്പെടെ ഏഴ് വകുപ്പുകളാണ് കുറ്റപത്രത്തിൽ ചുമത്തിയിരുന്നത്.
