ആറ്റിങ്ങൽ: നഗരസഭ ചെയർപേഴ്സന്റെ ഔദ്യോഗിക വാഹനത്തിനു നേരെ ആക്രമണം നടത്തുകയും, ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയും ചെയ്ത കേസിലെ മൂന്ന് പ്രതികളെ ആറ്റിങ്ങൽ പോലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങൽ കരിച്ചിയിൽ സ്വദേശികളായ ഉണ്ണി എന്ന് വിളിക്കുന്ന അനീഷ്, ശ്യാം ശങ്കർ, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെ നഗരസഭ ചെയർപേഴ്സൺ അഡ്വ. എസ്.കുമാരിയുടെ വീടിനു സമീപത്ത് വെച്ചാണ് പ്രദേശവാസികളായ യുവാക്കൾ മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ആക്രമിക്കുകയും ഡ്രൈവർ മനോജിനെ മാരകമായി മുഖത്തും കൈകാലുകളിലും പരിക്കേൽപ്പിക്കുകയും ചെയ്തതു പ്രതികളെ ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.
കരിച്ചിയിൽ മുടിപ്പുര ക്ഷേത്രത്തിനു സമീപം തോട്ടിൻകര പ്രദേശത്ത് യുവാക്കളുടെ പരസ്യ മദ്യപാനവും, സ്ത്രീകളടക്കമുള്ള വാഹനയാത്രക്കാരെ തടഞ്ഞുനിർത്തി പണപ്പിരിവും,അസഭ്യം പറച്ചിലും വഴിയാത്രക്കാർക്ക് ഭയപ്പാട് സൃഷ്ടിക്കുന്നതായും പ്രദേശവാസികൾ പറഞ്ഞു. ഇരുചക്രവാഹനത്തിൽ വന്ന അവനവഞ്ചേരി സ്വദേശി ജയനെ തടഞ്ഞു നിർത്തിയും പ്രതികൾ ഉൾപ്പെടെയുള്ളവർ പണം ആവശ്യപ്പെടുകയും നൽകാത്തതിനാൽ അദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ച് അവശനാക്കുകയും ചെയ്തിരുന്നുഒളിവിൽ പോയ ഒരു പ്രതിക്ക് വേണ്ടി ശക്തമായ തിരച്ചിൽ നടത്തി വരികയാണെന്നും ആറ്റിങ്ങൽ സർക്കിൾ ഇൻസ്പെക്ടർ പ്രതാപചന്ദ്രൻ അറിയിച്ചു.
