തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും അതി ശക്തമായ മഴയ്ക്ക് സാദ്ധ്യത. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മഴയ്ക്ക് പുറമേ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഇന്ന് എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിൽ ആണ യെല്ലോ അലർട്ട്. ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കാം. നാളെ ഏഴ് ജില്ലകളിലാണ് യെല്ലോ അലർട്ട് ഉള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട്.
തീരമേഖലയിൽ ഉൾപ്പെടെ ശക്തമായ കാറ്റിന് സാദ്ധ്യതയുണ്ട്. 30 മുതൽ 40 കിലോ മീറ്റർവരെ വേഗതയിലുള്ള കാറ്റിനാണ് സാദ്ധ്യത. ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികളും തീരമേഖലകളിൽ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
തെക്കൻ ബംഗാൾ ഉൾക്കടലിന് മുകളിലും, ശ്രീലങ്കയ്ക്ക് മുകളിലും നിലനിൽക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് പരക്കെയുള്ള മഴയ്ക്ക് കാരണമാകുന്നത്.
