ശൂര്: തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ വിഷുക്കൈനീട്ടം നല്‍കാനായി നടന് സുരേഷ് ഗോപി മേല്‍ശാന്തിയെ പണം ഏല്പിച്ചത് വിവാദത്തില്‍.
ദര്‍ശനത്തിനെത്തുന്നവര്‍ക്ക് നല്കാന് ശാന്തിക്കാര്‍ വ്യക്തികളില്‍ നിന്ന് പണം സ്വീകരിക്കരുതെന്ന് കൊച്ചിന് ദേവസ്വം ബോര്‍ഡ് ഉത്തരവിറക്കി.വിഷു ദിനത്തില്‍ ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് നല്കാന് ഒരു രൂപയുടെ 1000 നോട്ടുകളാണ് സുരേഷ് ഗോപി നല്‍കിയത്. തൃശൂര്‍ ജില്ലയുടെ വിവിധ ഇടങ്ങളില്‍ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബി.ജെ.പി വിഷുക്കൈനീട്ടം പരിപാടി സംഘടിപ്പിച്ചിരുന്നു. കൊച്ചിന് ദേവസ്വം ബോര്‍ഡിന് കീഴിലെ വടക്കുംനാഥ ക്ഷേത്രത്തില്‍ മേല്‍ശാന്തിക്ക് പണം നല്‍കിയതാണ് വിവാദത്തിലായത്. സംഭവം അറിഞ്ഞ തൃശൂര്‍ എം.എല്‍.എ പി.ബാലചന്ദ്രനും ജില്ലയിലെ സി.പി.ഐ, സി.പി.എം നേതാക്കളും ദേവസ്വം അധികൃതരെ പ്രതിഷേധം അറിയിച്ചു. വിഷുക്കൈനീട്ടത്തിന് രാഷ്ട്രീയ മാനം കൈവന്നതോടെ കൊച്ചിന് ദേവസ്വം ബോര്‍ഡ് ശാന്തിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്കി. സുരേഷ് ഗോപിയുടെ പേരെടുത്ത് പറയാതെയാണ് ഉത്തരവിറക്കിയതെങ്കിലും, ചില വ്യക്തികള്‍ വിഷുക്കൈനീട്ടത്തിന്റെ പേരില്‍ ക്ഷേത്രത്തെ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടതിനാലാണ് നടപടിയെന്നും ദേവസ്വം കമ്മീഷണര്‍ വ്യക്തമാക്കുന്നു
