കൊല്ലം: പാരിപ്പള്ളിയിലുണ്ടായ ആക്രമണത്തിൽ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർക്ക് പരിക്ക്. ചിറക്കര സർക്കാർ ഹൈസ്കൂൾ ജംഗ്ഷന് സമീപമാണ് മൂന്ന് പേർ ചേർന്ന് ഇൻസ്പെക്ടറെ ആക്രമിച്ചത്. കൊല്ലം പരവൂർ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുമായ ബിജുവിനാണ് പരിക്കേറ്റത്. സംഭവത്തിൽ മനു, രാജേഷ്, പ്രദീഷ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു.ഇൻസ്പെക്ടർ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തിൽ കാർ വന്നിടിച്ചത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. ബഹളംകേട്ട് സമീപവാസികളും ഗ്രാമപഞ്ചായത്ത് അംഗവുമെല്ലാം സ്ഥലത്തെത്തി ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറെ രക്ഷപ്പെടുത്തി അടുത്തുള്ള വീട്ടിലേയ്ക്ക് മാറ്റി.പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി ഇൻസ്പെക്ടർ അൽജബ്ബാർ, സബ് ഇൻസ്പെക്ടർ അനുരൂപ എന്നിവരുടെ നേതൃത്വത്തിൽ ബിജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
