വിദ്വേഷ പ്രസംഗ കേസിൽ പി.സി ജോർജിന് പാലാരിവട്ടം പൊലീസ് നോട്ടീസ് നൽകി. ഇന്ന് ഉച്ചയ്ക്ക് ശേഷം അദ്ദേഹം സ്റ്റേഷനിൽ ഹാജരായേക്കുമെന്നാണ് ലഭ്യമാകുന്ന വിവരം. വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ പി.സി ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ ജാമ്യം ലഭിച്ചത് പ്രോസിക്യൂഷന് തിരിച്ചടിയാണ്.
പി.സി ജോർജ് വെണ്ണലയിൽ നടത്തിയ പ്രസംഗം തിരുവനന്തപുരം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി പരിശോധിച്ചിരുന്നു. ഓൺലൈൻ ചാനലിൽ വന്ന പ്രസംഗത്തിന്റെ പകർപ്പാണ് കോടതി വിശദമായി പരിശോധിച്ചത്. ഇനിയും ഇത്തരം പ്രഭാഷണം നടത്തരുതെന്നായിരുന്നു ജാമ്യവ്യവസ്ഥകളിൽ ഒന്ന്. അതിന് പിന്നാലെയാണ് പി.സി ജോർജ് വെണ്ണലയിൽ വീണ്ടും വിദ്വേഷ പ്രസംഗം നടത്തിയത്.
മതസൗഹാർദം തകർക്കുന്ന രീതിയിൽ പ്രസംഗിച്ചിട്ടില്ലെന്നും, വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ പി.സി ജോർജ് ചൂണ്ടിക്കാട്ടിയിരുന്നു. പി.സി ജോർജിനെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി പൊലീസിന് മേൽ സമ്മർദം ചെലുത്തുന്നുവെന്ന് ആരോപണവുമായി ഷോൺ ജോർജ് രംഗത്തെത്തിയിരുന്നു.
