January 15, 2026

തൃശൂർ: നാളെ തൃശ്ശൂർ പൂരത്തിന് കൊടിയേറും. പാറമേക്കാവ്, തിരുവമ്പാടി എന്നീ ക്ഷേത്രങ്ങളിലും മറ്റു 8 ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. മെയ് 10 ആണ് തൃശ്ശൂർ പൂരം. സ്വരാജ് റൗണ്ടിൽ ആണ് പാറമേക്കാവ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദ്യം കൊടിയേറുക പാറമേക്കാവാണ്. രാവിലെ 9 നും 10.30 നും ഇടയിൽ ഉളള മുഹൂർത്തത്തിൽ ആണ് പാറമേക്കാവിൽ കൊടിയേറ്റം. പാണികൊട്ടിനെ തുടർന്ന് പാരമ്പര്യ അവകാശികൾ ഭൂമി പൂജ നടത്തി കൊടിമരം നാട്ടും. പൂജിച്ച കൊടിക്കൂറ ദേശക്കാര്‍ കൊടിമരത്തിൽ ഉയര്‍ത്തും. ക്ഷേത്രത്തിന് മുമ്പിലെ പാലമരത്തിലും മണികണ്ഠനാലിലെ ദേശ പന്തലിലും പാറമേക്കാവ് വിഭാഗം മഞ്ഞപ്പട്ടില്‍ സിംഹ മുദ്ര ഉള്ള കൊടിക്കൂറ നാട്ടും.ഷോർണുർ റോഡിലാണ് തിരുവമ്പാടി ക്ഷേത്രം സ്‌ഥിതി ചെയ്യുന്നത്. ഇവിടെ 10.30 നും 10.55 നും ഇടയിൽ ആണ് കൊടിയേറ്റ്. പൂജിച്ച കൊടിക്കൂറ കൊടിമരത്തില്‍ ചാര്‍ത്തി ദേശക്കാര്‍ ഉപചാര പൂര്‍വം കൊടിമരം നാട്ടി കൂറയുയര്‍ത്തും. നടുവിലാലിലെയും നായ്ക്കനാലിലേയും പന്തലുകളിലും തിരുവമ്പാടി വിഭാഗം കൊടി ഉയര്‍ത്തും. പൂരത്തിൽ പങ്കെടുക്കുന്ന ഘടക ക്ഷേത്രങ്ങളിലും ഇതോടൊപ്പം കൊടിയേറും.പൂരത്തിന്റെ ഭാഗമായി ഉളള കൊടിയേറ്റത്തിന്റെ തയ്യാറെടുപ്പുകൾ എല്ലാം ക്ഷേത്രത്തിൽ പൂർത്തിയയായി വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *