തിരുവനന്തപുരം: റോഡുകളിൽ പതിവായി അപകടമുണ്ടാകുന്ന ബ്ലാക്ക് സ്പോട്ടുകളിൽ എൽ.ഇ.ഡി മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കാൻ ഗതാഗതവകുപ്പ്. ഈ ഭാഗത്ത് അനുവദനീയ വേഗത്തെക്കുറിച്ച് അറിയിപ്പ് നൽകും. ഈ പ്രദേശത്ത് അമിതവേഗത്തിൽ യാത്രചെയ്തതിന് പിഴ ഈടാക്കിയ വാഹനത്തിന്റെ ദൃശ്യങ്ങളും പ്രദർശിപ്പിക്കും. പ്രദേശത്തെ അപകടങ്ങളും മരണങ്ങളും സംബന്ധിച്ച കണക്കുകളും വ്യക്തമാക്കും.അപകട മുന്നറിയിപ്പ് വാചകങ്ങളും ബോർഡുകളിൽ പ്രത്യക്ഷപ്പെടും.മൂന്ന് ലക്ഷം രൂപയാണ് ഒരു ബോർഡിന് ചെലവ്. 300 ബ്ലാക്ക് സ്പോട്ടുകളിലാണു ബോർഡ് ആദ്യം സ്ഥാപിക്കുന്നത്. ദേശീയപാത, സംസ്ഥാന പാത, മറ്റു പ്രധാനപാതകൾ എന്നിവിടങ്ങളിലെ ബ്ലാക്ക് സ്പോട്ടുകളിലാണ് ആദ്യ ഘട്ടത്തിൽ ബോർഡ് വരുന്നത്. ഇവ സംരക്ഷിക്കുന്നതിന് പ്രത്യേക നിരീക്ഷണ ക്യാമറകളും വയ്ക്കും. ഡിസംബറിന് മുൻപ് കേരളത്തിലെ അപകടനിരക്കിൽ 25 ശതമാനം കുറവ് വരുത്തണമെന്നാണ് സുപ്രീംകോടതി റോഡ് സേഫ്റ്റി ചെയർമാൻ കേരളത്തിന് നൽകിയിട്ടുള്ള നിർദ്ദേശം. ഇതിന്റെ ഭാഗമായാണ് നടപടികൾ.എം.സി റോഡിലും ദേശീയപാതയിലും വേഗപരിധി സംബന്ധിച്ചു കൃത്യമായ ബോർഡുകളും സ്ഥാപിക്കും. റോഡ് സുരക്ഷാ അഥോറിറ്റിയാണ് ഇതു സ്ഥാപിക്കുന്നത്. അമിതവേഗത്തിൽ ക്യാമറയിൽ കുടുങ്ങി പിഴ വരുന്നവർ തുടർച്ചയായി പണമടയ്ക്കാതിരുന്നാൽ വാഹനത്തെ കരിമ്പട്ടികയിൽപ്പെടുത്തുന്നതിനും നിർദേശമുണ്ടായിരുന്നു. ഇതേത്തുടർന്ന് എറണാകുളത്ത് പ്രധാന ക്യാമറ യൂണിറ്റിന്റെ കീഴിൽ മാത്രം 5 കോടി രൂപയാണു വകുപ്പിന് ലഭിച്ചത്.
