കഠിനംകുളം : പുത്തൻതോപ്പ് ആശുപത്രി ജംഗ്ഷനിൽ കടകൾ അക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ പ്രതികൾക്ക് മൂന്ന് വർഷം തടവിനും 43500 രൂപ പിഴയ്ക്കും കോടതി ശിക്ഷിച്ചു.മേനംകുളം ചിറ്റാറ്റുമുക്ക് കനാൽ പുറമ്പോക്ക് വീട്ടിൽ 32 കാരനായ കാള രാജേഷ് എന്ന രാജേഷ്, മേനംകുളം ചിറ്റാറ്റുമുക്ക് സുനിൽ ഭവനിൽ 30 കാരനായ അപ്പുക്കുട്ടൻ എന്ന സച്ചു എന്നിവരെയാണ് ആറ്റിങ്ങൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.
2021 ഡിസംബർ മാസത്തിലാണ് കേസിനാസ്പദമായ സംഭവം.പുത്തൻതോപ്പ് ആശുപത്രി ജംഗ്ഷനിൽ ആയുധങ്ങളുമായി എത്തി കടകൾ അടിച്ചു തകർത്ത് കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയും ദേഹോപദ്രവം ഏൽപ്പിക്കുകയും അതുവഴി വന്ന സ്കൂട്ടർ യാത്രക്കാരെ ഭീഷണിപ്പെടുത്തി സ്കൂട്ടർ അപഹരിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന് കേസ്. റൂറൽ എസ്.പി. ഡോ ദിവ്യ വി ഗോപിനാഥ്, ആറ്റിങ്ങൽ ഡി.വൈ.എസ്.പി. ഡി. എസ് സുനീഷ് ബാബു എന്നിവരുടെ മേൽനോട്ടത്തിൽ കഠിനംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അൻസാരി എ, സബ്ബ് ഇൻസ്പെക്ടർ സജൂ.വി, ജി.എസ്.ഐ ഷാജി, ജി.എ.എസ്.ഐ ഷാ, സന്തോഷ് എന്നിവർ ഉൾപ്പെട്ട അന്വേഷണ സംഘമാണ് സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരെ കുറ്റപത്രം നൽകിയത്.പ്രോസിക്യൂഷനുവേണ്ടി പബ്ളിക് പ്രോസിക്യൂട്ടർ വി.ഷാഫി ഹാജരായി.ഇരുവരും നിരവധി ക്രമിനൽ കേസ്സുകളിലെ പ്രതിയാണ്.
