കഴിഞ്ഞ ജൂലൈ 21 ന് കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ ചേരമാൻ തുരുത്ത് മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന അസ്ജർ മൻസിലിൽ അൻസർ മകൻ മുഹമ്മദ് അസ്ജർ , വീട്ടിലെ കിടപ്പ് മുറിയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന നിരോധിത രാസ ലഹരി വസ്തു ആയ 87ഗ്രാം എം ഡി എം എ തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘം പിടികൂടിയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ ഉള്ള ലഹരി വസ്തു കണ്ടെത്തി ഇയാളെ പിടികൂടി ജീപ്പിലേക്ക് കയറ്റുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥരുടെ കൈ വെട്ടിച്ച് ഇരുട്ടിൽ രക്ഷപ്പെടുകയായിരുന്നു. വലിയ പോലീസ് സംഘം അന്ന് രാത്രി മുഴുവൻ പ്രതിക്കായി തിരച്ചിൽ നടത്തി എങ്കിലും പിടികൂടാൻ കഴിഞ്ഞില്ല. തുടർന്ന് തിരുവനന്തപുരം . റൂറൽ ജില്ലാ പോലീസ് മേധാവി ബി കെ പ്രശാന്തൻ കാണി ഐ പി എസ്സ് പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയിരുന്നു.

നേരത്തെ ലഹരി കേസുകളിൽ പെട്ട പ്രതികളുടെ സഹായത്തോടെ സംഭവ സ്ഥലത്ത് നിന്നും രക്ഷപെട്ട ഇയാൾ വെഞ്ഞാറമൂട് എത്തി അവിടെ നിന്നും കോഴിക്കോട് കൊടുവള്ളി ഭാഗത്ത് രണ്ട് ദിവസം തങ്ങി അവിടെ നിന്നും ഡൽഹിയിലേക്ക് കടന്നു. നേരത്തെ ലഹരി കടത്ത് കേസിൽ തീഹാർ ജയിലിൽ ശിക്ഷ അനുഭവിച്ച ആളുടെ സഹായത്താൽ ആണ് ഡൽഹിയിൽ എത്തിയതെന്ന് മനസ്സിലാക്കിയ അന്വേഷണ സംഘം നേരെ അങ്ങോട്ടേക്ക് തിരിച്ചു. അന്വേഷണ സംഘം ഡൽഹിയിൽ എത്തുമെന്ന സംശയത്തിൽ അവിടെ നിന്നും നാട്ടിലേക്ക് തിരിച്ച് എത്തിയ പ്രതി ബന്ധുക്കളുടെ സഹായത്തോടെ രഹസ്യ സങ്കേതത്തിലേക്ക് ഒളിത്താവളം മാറ്റുകയായിരുന്നു. അവിടെ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
ആറ്റിങ്ങൽ ഡി വൈ എസ്സ് പി എ. അജിചന്ദ്രൻ നായർ, നർക്കോട്ടിക്ക് ഡി വൈ എസ്സ് പി എം. റോബെർട്ട് ജോണി എന്നിവരുടെ നേതൃത്വത്തിൽ കഠിനംകുളം പോലീസ് സബ്ബ് ഇൻസ്പെക്ടർ അനൂപ്, ഡാൻസാഫ് സബ്ബ് ഇൻസ്പെക്ടർമാരായ എഫ്. ഫയാസ്, ബി. ദിലീപ്, എ എസ് ഐ ദിനോർ, സി പി ഒ മാരായ റിയാസ്, ബിനു, ലിജു എന്നിവരടങ്ങിയ സംഘം ആണ് പ്രതിയെ പിടികൂടിയത്.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
