കോട്ടൺഹിൽ എൽ.പി സ്കൂളിൽ മിന്നൽ പരിശോധനയ്ക്ക് എത്തിയ ഭക്ഷ്യമന്ത്രി ജി.ആർ അനിലിന് നൽകിയ ചോറിൽ തലമുടി. പരിശോധനയ്ക്കിടെ മന്ത്രിക്ക് ചോറ് നൽകിയിരുന്നു. ഈ ചോറിലാണ് തലമുടി കണ്ടെത്തിയത്. തുടർന്ന് ഭക്ഷണം മാറ്റി നൽകുകയായിരുന്നു.
ഭക്ഷണത്തിൽ നിന്നും തലമുടി കിട്ടിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ശുചീകരണം മെച്ചപ്പെടണം എന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമായി കണ്ടാൽ മതി. കോട്ടൺഹിൽ എൽപി സ്കൂൾ ഉൾപ്പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ഥല പരിമിതി ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ജി.ആർ.അനിൽ വ്യക്തമാക്കി. മികച്ച ഭക്ഷണമാണ് കുട്ടികൾക്ക് നൽകുന്നതെന്നു മന്ത്രി പറഞ്ഞു.
അതേസമയം, വിദ്യാർഥികളിലെ ഭക്ഷ്യ വിഷബാധയുടെ പശ്ചാത്തലത്തിൽ സ്കൂളുകളിൽനടത്തുന്ന പരിശോധന ഇന്നും തുടരും. ആരോഗ്യ വിദ്യാഭ്യാസ ഭക്ഷ്യ വകുപ്പുകളാണ് പരിശോധന നടത്തുന്നത്. വിദ്യാഭ്യാസ വകുപ്പ് പാചകപ്പുരയിലെ പാത്രങ്ങൾ സംബന്ധിച്ച് നത്തിയ പരിശോധന റിപ്പോർട്ട് ഇന്ന് വിദ്യാഭ്യാസമന്ത്രിക്ക് കൈമാറും.
കഴിഞ്ഞ ദിവസം നെയ്യാറ്റിൻകരയിലെ സ്കൂളിൽ അരി വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇത്തരം സ്കൂളുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകാനാണ് അധികൃതരുടെ തീരുമാനം. കുട്ടികളുടെ ആരോഗ്യമാണ് സർക്കാരിന് മുഖ്യമെന്ന് മന്ത്രി വി ശിവൻകുട്ടി ഇന്നലെ സ്കൂളുകൾ സന്ദർശിച്ച ശേഷം പറഞ്ഞു. സ്കൂളുകളിൽ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. അധ്യാപകരും മാതാപിതാക്കളും ശ്രദ്ധ പുലർത്തണം. സ്കൂളുകളിലെ പരിശോധന കർശനമാക്കുമെന്ന് മന്ത്രി പറഞ്ഞു.
