തിരുവനന്തപുരം: ജൂൺ 5 ലെ ലോക പരിസ്ഥിതി ദിനത്തിൽ വേറിട്ട ആഘോഷം ഒരുക്കി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബയോ മെഡിക്കൽ വേസ്റ്റ് സംസ്കരണ കേന്ദ്രമായ ഇമേജ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ബയോ മെഡിക്കൽ മാലിന്യ സംസ്കരണത്തിൽ രാജ്യത്തിന് തന്നെ മാതൃകയാണ് ഇമേജ് . ഈ ചടങ്ങിൽ വെച്ച് ഇമേജിന്റെ മുൻ സാരഥികളേയും, തുടക്കം മുതലുള്ള ജീവക്കാരേയും ആദരിക്കുന്നു.
ഇതിനോടൊപ്പം ഈ യോഗത്തിൽ പങ്കെടുക്കുന്ന അംഗങ്ങൾക്ക് പരിസ്ഥിതി ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന വൃക്ഷ തൈകളും സമ്മാനിക്കും.
ജനുവരി 16 ന് തീ പിടിത്തത്തിൽ കത്തി നശിച്ച ബാർകോഡ് യാർഡ് പ്ലാന്റ് പുനർ നിർമ്മിച്ചതും, പുതിയ ഓഫീസും, കാന്റീനും, അന്നേദിവസം ബഹുമാനപ്പെട്ട ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി ഉദ്ഘാടനം ചെയ്യപ്പെടും.
ലോക പരിസ്ഥിതി ദിനത്തിന്റെ സന്ദേശമായ
“ഒൺലി വൺ എർത്ത്”, ലിവിംഗ് സസ്റ്റൈനൈബിൾ ഇൻ ഹാർമണി വിത്ത് നാച്വുർ (Only One Earth , Living Sustainably in Harmony With Nature) എന്നതിന് ഉതകുന്ന രീതിയിലാണ് ഇത്തവണ ഇമേജ് പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
ഇമേജ് ചെയർമാൻ ഡോ. എബ്രഹാം വർഗീസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി നിർവ്വഹിക്കും. സംസ്ഥാന സെക്രട്ടറി ഡോ ജോസഫ് ബെനവൻ, ഇമേജ് സെക്രട്ടറി ഡോ. ഷറഫുദ്ദീൻ കെ.പി, ഐഎംഎ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ജോസഫ് മാണി, മുൻ ദേശീയ പ്രസിഡന്റ് ഡോ, മാർത്താണ്ഡ പിള്ള, മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ബാബു രവീന്ദ്രൻ ടി.എൻ, മുൻ ദേശീയ സെക്രട്ടറി ഡോ. ആർ.വി അശോകൻ, ഇമേജ് മുൻ ചെയർമാൻമാരായ ഡോ. സി. കെ ചന്ദ്രശേഖരൻ, ഡോ. വി. യു സീതി, ഡോ. പി.റ്റി സക്കറിയ, ഡോ. സുൾഫി. എൻ. തുടങ്ങിയവർ പങ്കെടുക്കുന്നതായിരിക്കും.
കേരളത്തിൽ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിക്കുന്ന 60 ടൺ ഓളം ആശുപത്രി മാലിന്യം പ്രതിദിനം ശാസ്ത്രീയമായി സംസ്കരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ കേന്ദ്രീകൃത ബയോ മെഡിക്കൽ വേസ്റ്റ് ട്രീറ്റ്മെന്റ് പ്ലാന്റാണ് ഇമേജ്.
ബയോമെഡിക്കൽ വേസ്റ്റ് മാനേജ്മെന്റ് റൂൾ 2016 നിഷ്കർഷിക്കുന്ന എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കേന്ദ്ര- സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡുകളുടെ അംഗീകാരമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പ്ലാന്റായി ഇത് പ്രവർത്തിക്കുന്നത്. 2004 മുതൽ പ്രവർത്തിച്ച് വരുന്ന ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കേരള ഘടകത്തിന്റെ നാടിനായുള്ള മഹത്തായ സംഭാവനയാണ് ഇമേജ്.
കഴിഞ്ഞ കോവിഡ് മഹാമാരിയുടെ കാലത്ത് 2 വർഷത്തോളം സംസ്ഥാനത്ത് ഉണ്ടായ കോവിഡ് ബയോ മെഡിക്കൽ മാലിന്യങ്ങൾ ( 10,000 ടൺ ഓളം) ഇമേജാണ് ഒറ്റയ്ക്ക് സംസ്കരിച്ചത്. ഇങ്ങനെ ഇമേജ് ഈ പദ്ധതി നടപ്പിലാക്കിയില്ലായിരുന്നെങ്കിൽ സംസ്ഥാനത്ത് കോവിഡ് മാലിന്യങ്ങൾ അടിഞ്ഞു കൂടി ഇപ്പോഴും സംസ്ഥാനം കൊവിഡ് മുക്തമാകുമായിരുന്നില്ല. ആശുപത്രി മാലിന്യ സംസ്കരണത്തിന്റെ ശാസ്ത്രീയമായ ആവിഷ്കാരമാണ് ഇമേജ്.
