മലയിൻകീഴ് : വീട്ടിൽ കഞ്ചാവ് ചെടികൾ പൊലീസ് കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് വിളപ്പിൽ സന്തോഷ് രാജിവെച്ചു.സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിൽ പച്ചക്കറി കൃഷിക്ക് ഇടയിലായിയാണ് കഞ്ചാവ് ചെടികൾ പോലീസ് കണ്ടെത്തിയത്.
സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് സന്തോഷിന്റെ മകളുടെ ഭർത്താവായ രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഇദ്ദേഹം വീട്ടിലെ പച്ചക്കറി കൃഷിക്കിടയിലായി 2 പ്ലാസ്റ്റിക് പാത്രങ്ങളിൽ ആണ് 17 കഞ്ചാവ് ചെടികൾ വളർത്തുകയായിരുന്നു.സംഭവത്തിൽ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തിൽ രഞ്ജിത്തിനെ ( 33) വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസിന്റെ ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കാട്ടാക്കട ഡിവൈഎസ്പി കെ.എസ്.പ്രശാന്ത്, വിളപ്പിൽശാല ഇൻസ്പെക്ടർ എൻ.സുരേഷ് കുമാർ, എസ്ഐ അനിൽ കുമാർ, ഷാഡോ ടീം അംഗങ്ങളായ എഎസ്ഐ സുനിൽലാൽ, നെവിൽരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
ഇതിനു പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് ഫെയ്സ്ബുക്കിലൂടെ അറിയിക്കുകയായിരുന്നു.‘ വീട് നിയന്ത്രിക്കാൻ കഴിയാത്തവൻ നാടിനെ നയിക്കാൻ യോഗ്യനല്ല ’ എന്ന് കുറിപ്പിട്ടാണ് വിളപ്പിൽ സന്തോഷ് പട്ടികജാതി മോർച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചത്.
