സാമ്പത്തിക തകർച്ച രൂക്ഷമായ ശ്രീലങ്കയിൽ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവർധന സ്ഥാനമേറ്റു. പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്. മുൻ ആഭ്യന്തര തദ്ദേശ മന്ത്രിയും ഗോതബായ അനുകൂലിയുമാണ് ദിനേഷ് ഗുണവർധനെ. വിദേശകാര്യ വകുപ്പ് മന്ത്രിയായും വിദ്യാഭ്യാസ മന്ത്രിയായും അദ്ദേഹം നേരത്തെ പ്രവർത്തിച്ചിരുന്നു. പുതിയ ഭരണാധികാരികൾ സ്ഥാനമേറ്റെടുത്തെങ്കിലും ശ്രീലങ്കയിൽ സാമ്പത്തിക സ്ഥിതിഗതികളിൽ വലിയ മാറ്റമുണ്ടായിട്ടില്ല. എന്നാൽ അതേ സമയം, പ്രക്ഷോഭകരെ അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങൾ സർക്കാരിന്റെയും സൈന്യത്തിന്റെയും ഭാഗത്ത് നിന്നും ഇതിനോടകം ഉണ്ടായതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
