തിരുവനന്തപുരം: ബാലരാമപുരത്തും സമീപ പ്രദേശങ്ങളിലും തെരുവുനായ് ശല്യം രൂക്ഷമെന്ന് പരാതി. കുട്ടികളുൾപ്പെടെയുള്ളവർക്ക് ഭീക്ഷണിയായി മാറുകയാണ് ഇവിടെ ദിനംപ്രതി വർധിച്ചുവരുന്ന തെരുവുനായകൾ എന്നാണ് നാട്ടുകാരുടെയും പരാതി. ബാലരാമപുരം വില്ലേജ് ഓഫിസ്, അംഗൻവാടി, കോവിഡ് കെയർ സെൻറർ, ബാലരാമപുരം റെയിൽവേ സ്റ്റേഷൻ പരിസരം, തേമ്പാമുട്ടം, മാടൻകോവിൽ ലെയിൻ, ശാലിഗോത്രത്തെരുവ്, ഇടമനക്കുഴി പ്രദേശങ്ങളും തെരുവുനായ്ക്കളുടെ സ്ഥിരം വാസസ്ഥലം.
കഴിഞ്ഞ ദിവസം പാതിരിയോട് കുളത്തിനു സമീപത്തെ റോഡിൽ ബൈക്ക് യാത്രികരെ തെരുവുനായ് പിന്തുടർന്ന് ആക്രമിക്കാൻ ശ്രമിച്ചിരുന്നു.ഭാഗ്യം കൊണ്ടാണ് ഇവർ രക്ഷപ്പെട്ടത്. ഒറ്റക്ക് വരുന്നവരെയും പ്രഭാത സവാരി നടത്തുന്നവരെയും പുലർച്ച ആരാധനാലയങ്ങളിൽ പോകുന്നവരെയും ജോലിക്ക് പോകുന്നവരെയും ഓടിക്കുന്നതും ഇവിടെ ഇപ്പോൾ പതിവായി മാറിയിരിക്കുകയാണ്. നായകൾ വാഹനങ്ങൾക്ക് കുറുകെ ചാടി അപകടം ഉണ്ടാകുകയും ചെയ്യുന്നു.
പലപ്പോഴും കടിയേൽക്കാതെ രക്ഷപെടുന്നത് തലനാരിഴക്കാണ്. ആളൊഴിഞ്ഞ പുരയിടങ്ങളിലും റോഡരികിലും മാംസാവശിഷ്ടമുൾപ്പെടെ നിക്ഷേപിക്കുന്നതാണ് തെരുവുനായ്ക്കളുടെ വർദ്ധനവിന് കാരണം.

