പെരുമാതുറ : മുതലപ്പൊഴി അഴിമുഖത്ത് വള്ളം മറിഞ്ഞ് കാണാതായ 3 മത്സ്യതൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്നത്തേക്ക് അവസാനിപ്പിച്ചു. തിരച്ചിൽ നാളെ പുനരാരംഭിക്കും. നേവിയുടെ ഹെലികോപ്റ്റർ വഴി എയർ ക്രൂ ഡ്രൈവേഴ്സ് രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും പുലിമുട്ടിൽ കുരുങ്ങിയ വല കരയ്ക്ക് കയറ്റാനായില്ല.
ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു അപകടം. 23 പേരുമായി വന്ന സഫ മർവ എന്ന വള്ളം മുതലപ്പൊഴി അഴിമുഖത്തിന് സമീപം ശക്തമായ കാറ്റിലും തിരയിലും പ്പെട്ട് മറിയുകയായിരുന്നു. അപകടത്തിൽപ്പെട്ടവരിൽ 9 പേർ നീന്തി കയറുകയും 11 പേരെ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അതിൽ രണ്ടു പേർ മരിക്കുകയും ചെയ്തു. മൂന്നു പേരെ ഇതുവരെയും കണ്ടെത്താനായില്ല. വർക്കല സ്വദേശികളായ ഉസ്മാൻ, സമദ്, മുസ്തഫ എന്നിവരെയാണ് കാണാതായത്. വള്ളം മുങ്ങിയ സ്ഥലത്ത് വലയിൽ മൂന്നുപേരും കുടുക്കാൻ സാധ്യതയുണ്ടെന്നാണ് പോലീസും മത്സ്യതൊഴിലാളികളും പറയുന്നത്.
തിരച്ചിലിനായി കോസ്റ്റ് ഗാർഡിൻ്റെ ഹെലിക്കോപ്റ്ററും മറൈൻ എൻഫോഴ്സ്മെൻ്റിൻ്റെ ബോട്ടും എത്തിയിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയായതിനാൽ രക്ഷാപ്രവർത്തനം വൈകുകയായിരുന്നു. വൈകുന്നേരതോടെ നേവിയുടെ ഹെലികോപ്റ്റർ വഴി എയർ ക്രൂ ഡ്രൈവേഴ്സ് രക്ഷാപ്രവർത്തനത്തിനായി എത്തിയെങ്കിലും പുലിമുട്ടിൽ കുരുങ്ങിയ വല പൂർണ്ണമായും ഒഴിവാക്കിയെടുക്കാനായില്ല. തുടർന്ന് വെളിച്ച കുറവ് മൂലം ഇന്നത്തെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു. നാളെ രാവിലെയോടെ ക്രെയിൻ എത്തിച്ച് രക്ഷാപ്രവർത്തനം തുടരും.
അതേസമയം ഒരു ദിവസം പിന്നിട്ടിട്ടും രക്ഷാപ്രവർത്തനങ്ങൾ ഒരുക്കാൻ സർക്കാർ സംവിധാനങ്ങൾ വൈകിയെന്ന് ആരോപിച്ച് മത്സ്യതൊഴിലാളികൾ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്. പെരുമാതുറ, മാടൻവിള, താഴംപള്ളി, പൂത്തുറ എന്നിവിടങ്ങളിൽ മത്സ്യതൊഴിലാളികൾ റോഡ് ഉപരോധവും സംഘടിപ്പിച്ചു.
