തിരുവനന്തപുരം: അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയിൽ സമൂഹ മാധ്യമത്തിൽ സന്ദേശമയച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ഉറൂബിനെയാണ് സസ്പെൻഡ് ചെയ്തത്. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ മുൻ ഗൺമാനായിരുന്നു ഉറൂബ് പോത്തൻകോട് സ്ഥിതി ചെയ്യുന്ന ഒരു സ്കൂളിലെ പിടിഎയുടെ വാട്സാപ്പ് ഗ്രൂപ്പിലായിരുന്നു ഉറൂബ് സന്ദേശം അയച്ചത്. കോടിയേരി ബാലകൃഷ്ണനെ ‘കൊലപാതകി’ എന്ന് വിശേഷിപ്പിച്ചായിരുന്നു സന്ദേശം. ഇതേ തുടർന്ന് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഡിജിപിക്ക് പരാതി നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സിറ്റി പോലീസ് കമ്മീഷണർ സ്പർജൻ കുമാറാണ് ഉറൂബിനെതിരെ നടപടിയെടുത്തത്. ഉദ്യോഗസ്ഥനെതിരെ നടപടി വേണമെന്ന ആവശ്യവുമായി സിപിഎം പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു.
