തിരുവനന്തപുരം: ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ആത്മഹത്യാശ്രമത്തെ തുടർന്ന് ചികിത്സയിലുള്ള ഗ്രീഷ്മയുടെ അറസ്റ്റ് മജിസ്ട്രറ്റിന്‍റെ സാന്നിധ്യത്തിലാണ് പൊലീസ് രേഖപ്പെടുത്തിയത്.
നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ഗ്രീഷ്മയെ തിരുവനന്തപുരം മെഡിക്കൽ കൊളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഗ്രീഷ്മയുടെ മാതാപിതാക്കളെയും ബന്ധുവിനേയും ചോദ്യം ചെയ്ത് വരികയാണ്.
നെയ്യൂരിലെ സ്വകാര്യ കോളജിൽ ബിഎസ്‌സി റേഡിയോളജി അവസാന വർഷ വിദ്യാർഥിയായിരുന്ന ഷാരോൺ രാജ് ഒരു ബസ് യാത്രക്കിടെയാണ് ഗ്രീഷ്മയെ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയത്തിലേക്ക് വഴിമാറി. ഇരുവരും ഒരുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് ഷാരോൺ രാജിന്റെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു.
ഷാരോണിന്റെ സുഹൃത്തായ ഗ്രീഷ്മയും മാതാപിതാക്കളും ആസൂത്രിതമായാണ് ഷാരോണിനെ കൊലപ്പെടുത്തിയതെന്നും കുടുംബം നേരത്തെ ആരോപിച്ചിരുന്നു. പലതവണ ജ്യൂസിൽ കീടനാശിനി കലർത്തി നൽകിയതായി ഗ്രീഷ്മ കേസ് അന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ചിന് മൊഴി നൽകി.
മറ്റൊരു വിവാഹം ഉറപ്പിച്ചപ്പോൾ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചുവെന്നും കഷായത്തിൽ വിഷം കലർത്തുകയായിരുന്നുവെന്നുമാണ് പെൺകുട്ടി പൊലീസിനോട് സമ്മതിച്ചത്. ചോദ്യം ചെയ്യലിന്റെ ആദ്യ ദിവസം തന്നെ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
