അഞ്ചുതെങ്ങ് : വിഴിഞ്ഞം സമരസമിതിയുടെ നേതൃത്വത്തിൽ 17 ന് നടത്തുന്ന റോഡ് ഉപരോധസമരം ശക്തമാക്കാൻ അഞ്ചുതെങ്ങിൽ കൂടിയ സമരസമിതി യോഗം തീരുമാനിച്ചു. ആറ്റിങ്ങലിൽ നടത്തുന്ന ഉപരോധസമരം ശക്തമാക്കാനാണ് യോഗത്തിൽ തീരുമാനമായത്.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരങ്ങളുടെ ഭാഗമായി സമരസമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ 17ന് റോഡ് ഉപരോധ സമരം സoഘടിപ്പിക്കുമെന്ന് സമരസമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആറ്റിങ്ങലിന് പുറമേ ചാക്ക, സെക്രട്ടറിയേറ്റ്, സ്റ്റേഷൻ കടവ്, കുമരിച്ചന്ത, തിരുവല്ലം പൂവാർ ഉൾപ്പെടെയുള്ള സ്ഥങ്ങളിൽ രാവിലെ 8:30 മുതൽ വൈകിട്ട് 3 മണി വരെ ഉപരോധം തീർക്കുമെനാണ് പ്രഖ്യാപനം..
ഇന്ന് ഉച്ചയ്ക്ക് അഞ്ചുതെങ്ങ് സെന്റ് പീറ്റേഴ്സ് പാരിഷ്ഹാളിൽ നടന്ന ചർച്ചയിൽ അഞ്ചുതെങ്ങ് ഫെറോനയ്ക്ക് കീഴിലെ ഇടവകകളായ അഞ്ചുതെങ്ങ്, മാമ്പള്ളി, പൂത്തുറ, താഴമ്പള്ളി, ചമ്പാവ്, അരയത്തുരുത്തി, മൂങ്ങോട്, വെന്നിയോട്, ആറ്റിങ്ങൽ, ഐരൂർ തുടങ്ങിയ ഇടവകകളിലെ വികാരിമാർ, കൗൺസിൽ അംഗങ്ങൾ, ഇടവക കമ്മറ്റി അംഗങ്ങൾ, ഇടവക സമര സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിലാണ് ആറ്റിങ്ങലിലെ ഉപരോധ സമരം ശക്തമാക്കാൻ തീരുമാനമായത് .
അതേസമയം വിഴിഞ്ഞ പദ്ധതിക്ക് സാമഗ്രികളുമായി വരുന്ന വാഹനങ്ങൾ മുതലപ്പൊഴിയിൽ തടഞ്ഞ് സമരം കൂടുതൽ ശക്തമാക്കണമെന്ന് ആവിശ്യം ഉയർന്നെങ്കിലും ഇന്നത്തെ ചർച്ചയിൽ വിഷയം പരിഗണിച്ചില്ല. 17 ന് നടക്കുന്ന ഉപരോധ സമരത്തിന് ശേഷം വിഷയം ചർച്ച ചെയ്ത്തേക്കും.
ഇതിനിടെ, സംഘർഷ സാധ്യത കണക്കിലെടുത്ത് ഇന്ന് രാവിലെ മുതൽ പുതുക്കുറിച്ചി, പെരുമാതുറ, അഞ്ചുതെങ്ങ് ഭാഗങ്ങളിൽ പോലീസ് ശക്തമായ ബന്ധവസാണ് ഏർപ്പെടുത്തിയത്. മുതലപ്പൊഴി വഴി വിഴിഞ്ഞം പദ്ധതി പ്രദേശത്തെയ്ക്ക് കടൽ മാർഗ്ഗം കൊണ്ടുപോകാൻ എത്തിച്ചിരുന്ന നിർമ്മാണ സാമഗ്രികൾ കഴിഞ്ഞ ദിവസം പ്രതിഷേധക്കാർ തടഞ്ഞിരുന്നു.
തുടർന്നും പ്രതിഷേധം ഉണ്ടാകുവാനുള്ള സാദ്ധ്യതകൾ കണക്കിലെടുത്താണ് വൻ പോലീസ് സംഘം രാവിലെ മുതൽ പ്രദേശത്ത് ക്യാമ്പ് ചെയുന്നത്. ജലപീരങ്കി ഉൾപ്പെടെയുള്ള സന്നാഹങ്ങളും മുതലപ്പൊഴിയിൽ എത്തിച്ചിരുന്നു. വൈകുന്നേരത്തോടെ ജലപീരങ്കി മടങ്ങി പോയി എങ്കിലും ഇപ്പോഴും പോലീസ് സംഘം ഇവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്.
