തിരുവനന്തപുരം: ആന്ധ്രപ്രദേശിൽ നിന്നും കാറിൽ കടത്തി കൊണ്ട് വന്ന നാല് കിലോ കഞ്ചാവുമായി മോഷണക്കേസ് പ്രതിയുൾപ്പെടെ മൂന്നു പേരെ തിരുവനന്തപുരം സിറ്റി നേമം പോലീസ് പിടികൂടി. കൊല്ലം പാരിപ്പള്ളി പുത്തൻകുളം നന്ദുഭവനിൽ നന്ദു, വെള്ളറട കലുങ്ക് നട ശാന്തറതലയ്ക്കൽ പുത്തൻ വീട്ടിൽ വിപിൻ, തേന്നൂർ പെരിങ്ങമല ഗാർഡൻ സ്റ്റേഷൻ മുംതാസ് മൻസിലിൽ മുഹമ്മദ് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഡെപ്യൂട്ടി പോലീസ് കമ്മീഷൺർ ശ്രീ അജിത് കുമാറിന്റെ നിർദേശപ്രകാരം പ്രതികൾ രഹസ്യ നിരീക്ഷണത്തിൽ ആയിരുന്നു. ആന്ധ്രയിൽ നിന്നും മൊത്തമായി കഞ്ചാവ് വാങ്ങി തമിഴ്നാടിന്റെ വിവിധ സ്ഥലങ്ങളിൽ വില്പന നടത്തിയ ശേഷം ബാക്കി കഞ്ചാവ് നഗരത്തിലെത്തിച്ച് ചെറുകിട കച്ചവടക്കാർക് വില്പന നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം. വിവിധ സ്ഥലങ്ങളിൽ നിന്നും മറ്റു ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് റെന്റ് എ കാർ വാടകകെടുത്താണ് ഇവർ കഞ്ചാവ് കടത്തിയിരുന്നത്. പ്രതികളെ ചോദ്യം ചെയ്തതിലും മറ്റു അന്വേഷണങ്ങൾ നടത്തിയതിലും പ്രധാന പ്രതിയായ നന്ദു തൈക്കാട് ആശുപത്രി ഓഫീസിൽ കയറി ലാപ്ടോപ് മോഷണം നടത്തിയതയും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
